വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന മുള്ളൂർക്കര, തെക്കുംകര, എരുമപ്പെട്ടി, വരവൂർ, ദേശമംഗലം എന്നീ പഞ്ചായത്തുകളിലെ പാലിയേറ്റീവ് ഗുണഭോക്താക്കളുടെയും, ബന്ധുക്കളുടെയും സ്നേഹ സൗഹ്യദ സംഗമം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഴാനി ഡാമിൽ സംഘടിപ്പിച്ചു. ഇന്നു രാവിലെ പത്തുമുതൽ ആരംഭിച്ച സംഗമംവൈകീട്ട് നാലുവരെ നടക്കും.
എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രം സെക്കൻഡറി പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് സംഗമം നടക്കുന്നത്. സ്നേഹസംഗമം എൻഎച്ച്എം ജില്ലാപ്രോഗ്രാം മാനേജർ ഡോ. ടി.വി.സതീശൻ ഉദ്ഘാടനം ചെയ്തു. ആർദ്രം കോ-ഓർഡിനേറ്റർ ഡോ. റാണാ അധ്യക്ഷത വഹിച്ചു.
എരുമപ്പെട്ടി സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.രശ്മി, പാലിയേറ്റീവ് ജില്ലാ കോ-ഓഡിനേറ്റർ അഡ്വ.ടി.എസ്.മായാദാസ്, ജെ.പി.എച്ച്.എൻമാരായ നാൻസിയമ്മ വർഗീസ്, പി.എസ്.രാധാമണി, ആരോഗ്യ വകുപ്പ് ജീവനക്കാരായ സച്ചിൽ ബെൻ വെട്ടത്ത്, റിജോ ജോസ്, പി.എൻ.നിഷ, കെ.ജി.ഉഷ, പി.എ.അനിത, പി.ശാന്ത, ഡാനി ഐസക്, ജോജി മാത്യു, തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ആറങ്ങോട്ടുകര വയലി ബാബൂ മ്യൂസിക് അക്കാദമിയുടെ കലാവിരുന്നും വെള്ളറക്കാട് തേജസ് എൻജിനിയർ കോളജ് വിദ്യാർഥികളുടെയും പാലിയേറ്റീവ് അംഗങ്ങളുടെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും വിവിധ കലാപരിപാടികളും നടന്നു.