ന്യൂഡൽഹി: ടാക്സി ഡ്രൈവറെ കൊന്ന് കനാലിൽ തള്ളിയ കേസിലെ പ്രതി സീരിയൽ കില്ലറെന്ന് പോലീസ്. ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശി വികാസ് തോമറാണ് പ്രതി.
35കാരനായ ടാക്സി ഡ്രൈവർ പ്രദീപ് സിംഗലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കനാലിൽ തള്ളുകയായിരുന്നു. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായി പോലീസിന് സൂചന ലഭിച്ചു. കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു.
ജൂൺ 12 മുതൽ പ്രദീപ് സിംഗലിനെയും വാഹനത്തെയും കാണാനില്ലെന്നു പറഞ്ഞ് കുടുംബാംഗങ്ങൾ വിജയ് വിഹാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറുടെ മൃതദേഹം ഗൗതം ബുദ്ധ നഗറിലെ കനാലിൽനിന്ന് കണ്ടെത്തിയത്.
ഡ്രൈവറുടെ ഫോണിലേക്ക് വന്ന കോളുകൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. നിരവധി സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.
തലയ്ക്കടിച്ചാണ് ഡ്രൈവറെ കൊലപ്പെടുത്തിയത്. ജൂൺ 12നാണ് വിജയ് വിഹാറിൽനിന്ന് തോമർ പ്രദീപിന്റെ ടാക്സി വാടകയ്ക്കെടുക്കുന്നത്. വാടകയ്ക്കെടുത്ത ടാക്സി മോഷ്ടിക്കാനും മറ്റും കൂട്ടാളികളുമായി ഗൂഡാലോചന നടത്തി പദ്ധതി തയാറാക്കിയിരുന്നു.
മീററ്റിലേക്കാണ് ആദ്യം പോയത്. യാത്രയ്ക്കിടെ പ്രദീപുമായി തോമർ ചങ്ങാത്തത്തിലായി. ഇരുവരും മീററ്റിലെത്തി മദ്യപിച്ചു. ഡ്രൈവറുമായി ചങ്ങാത്തം കൂടി വിശ്വാസം നേടിയെടുത്തു.
പിന്നീട് ഡ്രൈവറുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം കനാലിൽ തള്ളി കാൺപൂരിലേക്ക് കടന്നു. അവിടെ വച്ച് രണ്ടുലക്ഷം രൂപയ്ക്ക് വാഹനം മറിച്ചുവിറ്റു. തട്ടിയെടുത്ത വാഹനം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇത്തരത്തിലുള്ള മറ്റു കേസുകളിലും ഇയാളുടെ പങ്കാളിത്തം പോലീസ് പരിശോധിക്കുന്നുണ്ട്. 2008 ലും സമാനമായ കുറ്റം പ്രതി നടത്തിയതായി പോലീസ് വെളിപ്പെടുത്തി. വികാസ് തോമർ ബിരുദധാരിയാണ്. വിവാഹിതനാണ്. രണ്ട് കുട്ടികളുണ്ട്.