തൃത്താല: സിപിഎമ്മിന്റെ നേതൃത്വത്തിൽ തനിക്കെതിരെയുള്ള ഉപരോധത്തിൽ വികസനപ്രവർത്തനങ്ങൾ മുടങ്ങുന്നതായി വി.ടി ബൽറാം എംഎൽഎ. തൃത്താലയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ബൽറാം ഇക്കാര്യം പറഞ്ഞത്. തൃത്താല നിയോജകമണ്ഡലത്തിലെ ഒട്ടുമിക്ക വികസന പ്രവർത്തനങ്ങളും അവസാനഘട്ടത്തിൽ നില്ക്കുന്പോഴും സിപിഎമ്മിന്റെ ഉപരോധം മൂലം ഉദ്ഘാടനം നടത്താനാകുന്നില്ല.
കുമരനല്ലൂർ സബ് രജിട്രാർ ഓഫീസ്, ആനക്കര വില്ലേജ് ഉദ്യോഗസ്ഥർക്ക് താമസിക്കാനുളള കെട്ടിടം ഉൾപ്പെടെ പൂർത്തിയായിട്ടും ഉദ്ഘാടനം നടക്കാതിരിക്കുകയാണ്. പലതിന്റെയും ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മന്ത്രിതലത്തിൽ നടന്ന ചർച്ചകളിലൊക്കെ താൻ പങ്കെടുത്തിരുന്നു. എന്നാൽ തൃത്താലയിൽ എത്തുന്പോൾ തനിക്കെതിരെ സിപിഎം ഉപരോധം തീർക്കുകയാണ്. ഇത് തൃത്താലക്കാരോട് ചെയ്യുന്ന ക്രൂരതയാണ്.
വികസന പ്രവർത്തനങ്ങൾ പൂർത്തിയായിട്ടും ഉപകരിക്കാതെ പോകുന്നത് നീതികേടാണ്. തനിക്കെതിരെ നടക്കുന്ന ഉപരോധങ്ങൾക്കെതിരെ സിപിഐയുടെ യുവജന സംഘടനകളായ എഐവൈഎഫ് അടക്കം സിപിഎമ്മിനെതിരെ വന്നിട്ടുണ്ട്.രാഷ്ട്രീയമായ വ്യത്യാസങ്ങൾ മാറ്റിവച്ച് വികസന പ്രവർത്തനങ്ങൾക്ക് ഒത്തുകൂടുകയാണ് വേണ്ടത്. തൃത്താല വില്ലേജ് ഓഫീസ് കെട്ടിടം, തൃത്താല പോലീസ് സ്റ്റേഷൻ, ചാലിശേരി പോലീസ് സ്റ്റേഷൻ, കുമരനല്ലൂർ സബ് രജിസ്ട്രർ ഓഫീസ് കെട്ടിടം, ചാലിശേരി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരമുയർത്തുന്ന പദ്ധതി, മേഴത്തൂർ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പ്രവർത്തനത്തിന്റെ അവസാനഘട്ടത്തിലാണ്.
ഇത്തരം വികസനപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് നീങ്ങി സംസ്ഥാനത്തിന് മാതൃകയാകുന്പോൾ ഉപരോധത്തിന്റെ പേരിൽ സിപിഎം കാട്ടുന്നത് തൃത്താലയിലെ ജനങ്ങളോട് കാട്ടുന്ന നീതിനിഷേധമാണ്. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിന് പ്രധാനമന്ത്രിയെ കാണാൻപോയി എന്നു ചോദിക്കുന്നതുപോലുളള വിഡ്ഢിത്തമാണ് സിപിഎം തൃത്താലയിലെ നേതൃത്വം തനിക്കെതിരെ നടത്തുന്നതെന്നും ബൽറാം പറഞ്ഞു.