ഇരിക്കൂർ: റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമാണ് നാടിന്റെ വികസനമെന്നത് മാറ്റി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയെന്നതാണ് യഥാർഥ വികസനമെന്ന് തിരിച്ചറിയണമെന്ന് കെ.സി. ജോസഫ് എംഎൽഎ.
ഇരിക്കൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച് നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലവിലുള്ള സാഹചര്യങ്ങൾ മനസിലാക്കി ആരോഗ്യമേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനും കാലികമായ ചികിത്സാ രീതികളും മരുന്നുകളും കണ്ടെത്താനാവശ്യമായ പഠനങ്ങളെയും ഗവേഷണങ്ങളെയും പ്രോത്സാഹിപ്പിക്കണം.
അടുത്ത അഞ്ച് വർഷത്തെ വികസനമെന്നത് ആരോഗ്യ മേഖലയിലെ പുതിയ വെല്ലുവിളികളെ പ്രതിരോധിച്ച് സമ്പൂർണ ആരോഗ്യം സമൂഹത്തിന് ഉതകുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ ശുചിത്വ പഞ്ചായത്ത് പദവി പ്രഖ്യാപനവും കെ.സി. ജോസഫ് നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അനസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ. സരസ്വതി, വൈസ് പ്രസിഡന്റ് എം.സഫീറ, മെഡിക്കൽ ഓഫീസർ മനു മാത്യു, കെ.ടി. നസീർ, ടി.പി. ഫാത്തിമ, സി.വി.എൻ. യാസറ, സി.കെ. മുഹമ്മദ്, പി.കെ. ഷംസുദീൻ, സി.വി. ഫൈസൽ, കെ.കെ. സത്താർ ഹാജി, കെ. കുഞ്ഞിപ്പോക്കർ, എം.പി. അഷ്റഫ്, വി. ഉമ്മർകുട്ടി, എൻ.പി. റഹിം, കെ.ആർ. അബ്ദുൾ ഖാദർ, കെ.ആർ. അഷ്റഫ്, ബാബുരാജ് എന്നിവർ പ്രസംഗിച്ചു.