ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ അദ്ഭുതമായി മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ. മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഇന്നലെ അരങ്ങേറിയ ഹെവിവെയ്റ്റ് പോരാട്ടത്തിലാണ് മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് വിസ്മയമായത്.
രോഹിത് ശർമയ്ക്കു പകരമായി ഇംപാക്ട് പ്ലെയറായെത്തിയ വിഘ്നേഷ് നാല് ഓവറിൽ 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഋതുരാജ് ഗെയ്ക് വാദ് (26 പന്തിൽ 53), ശിവം ദുബെ (ഏഴ് പന്തിൽ ഒന്‍പത്), ദീപക് ഹൂഡ (അഞ്ച് പന്തിൽ മൂന്ന്) എന്നീ വന്പൻമാരെയാണ് വിഘ്നേഷ് വീഴ്ത്തിയത്. അരങ്ങേറ്റ ഓവറിന്റെ അഞ്ചാം പന്തിൽ സിഎസ്കെ ക്യാപ്റ്റൻ ഋതുരാജിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടയ്ക്ക് വിഘ്നേഷ് തുടക്കമിട്ടത്.
മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് നാല് വിക്കറ്റ് ജയം സ്വന്തമാക്കി. സ്കോർ: മുംബൈ 20 ഓവറിൽ 155/9. ചെന്നൈ 19.1 ഓവറിൽ 158/6.ചെന്നൈക്കു വേണ്ടി നൂർ അഹമ്മദ് 4/18, ഹലീൽ അഹമ്മദ് 3/29 എന്നിവർ ഏഴു വിക്കറ്റ് പങ്കിട്ടു. തിലക് വർമ (31) ആയിരുന്നു മുംബൈയുടെ ടോപ് സ്കോറർ.