കോൽക്കത്ത: മോഡലിന്റെ മരണവുമായി ബന്ധപ്പെട്ട് ബംഗാളി നടൻ വിക്രം ചാറ്റർജിക്കെതിരേ പോലീസ് നരഹത്യക്കു കേസ് രജിസ്റ്റർ ചെയ്തു. മോഡലും ടിവി അവതാരകയുമായ സോണിക സിംഗ് ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ടാണ് വിക്രത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇതുകൂടാതെ അശ്രദ്ധമായി വാഹനമോടിച്ച മറ്റൊരു കേസും വിക്രത്തിനെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏപ്രിൽ 29ന് പുലർച്ചെയാണ് സോണികയുടെ മരണത്തിൽ കലാശിച്ച അപകടമുണ്ടായത്. രാത്രി പാർട്ടിയിൽ പങ്കെടുത്തശേഷം ഇരുവരും മടങ്ങവെ പുലർച്ചെയോടെയാണ് അപകടമുണ്ടായത്. വിക്രം ഓടിച്ചിരുന്ന കാർ റോഡരികിലെ തൂണിൽ ഇടിച്ചു മറിയുകയും സോണിക തൽക്ഷണം മരിക്കുകയുമായിരുന്നു. അപകടത്തിൽ വിക്രത്തിനു പരിക്കേറ്റിരുന്നു.
കാറോടിച്ചിരുന്ന വിക്രം ചാറ്റർജി മദ്യലഹരിയിലായിരുന്നോ എന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാൽ താൻ മദ്യപിക്കാറുണ്ടെങ്കിലും അപകടമുണ്ടായ രാത്രിയിൽ മദ്യപിച്ചിരുന്നില്ലെന്നു വിക്രം മൊഴി നൽകി. അതേദിവസം ചാറ്റർജിയും സോണികയും സന്ദർശിച്ച ബാറിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. മരണത്തിന് ഏതാനും സമയം മുന്പുവരെ സോണികയ്ക്കൊപ്പമുണ്ടായിരുന്ന അഞ്ച് സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു. ഇതിനുശേഷമാണ് വിക്രത്തിനെതിരേ പോലീസ് നരഹത്യക്കു കേസ് രജിസ്റ്റർ ചെയ്തത്.