തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിക്രം. തമിഴിലാണ് നടന് സജീവമെങ്കിലും മലയാള സിനിമയുമായി വളരെ അടുത്ത ബന്ധമാണുള്ളത്.
തമിഴിലൂടെയാണ് സിനിമ ജീവിതം ആരംഭിച്ചതെങ്കിലും വിക്രം ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിലൂടെയാണ്. നടന്റെ സിനിമ ജീവിതത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചത് മലയാള സിനിമയായിരുന്നു.
1993-ല്‍ പുറത്തിറങ്ങിയ ജോഷി ചിത്രമായ ധ്രുവത്തിലൂടെയാണ് വിക്രം മലയാളത്തിലെത്തുന്നത്. നരസിംഹ മന്നാടിയാരായി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ ഭഭ്രദന് എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്.
പിന്നീട് മമ്മൂട്ടി ചിത്രങ്ങളില്‍ സ്ഥിരസാന്നിധ്യമാവുകയായിരുന്നു വിക്രം. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി 1996-ല്‍ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ദ്രപ്രസ്ഥം.
സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഇന്ദ്രപ്രസ്ഥവും അതിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്.
മമ്മൂട്ടിയ്ക്കൊപ്പം വിക്രവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. വിക്രമിന്റെ തുടക്കകാലത്തെ ചിത്രമായിരുന്നു.
ഇന്ദ്രപ്രസ്ഥത്തില്‍ വിക്രം എത്തിയതിനെ കുറിച്ച് സംവിധായകന് ഹരിദാസ് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
മമ്മൂട്ടിയാണ് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് വിക്രമിന്റെ പേര് നിര്‍ദേശിക്കുന്നത്. സിനിമയുടെ കഥ പറഞ്ഞ് തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം ചിത്രത്തിലെ നടിയെ കുറിച്ച് ചോദിച്ചിരുന്നു.
ബോളിവുഡ് നടിമാരെയായിരുന്നു പരിഗണിച്ചിരുന്നത്. ആ സമയത്ത് ചില നടിമാരോട് സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
മലയാളം മാത്രമല്ല തമിഴ്,തെലുങ്ക് ബിസിനസ് മനസില്‍ കണ്ടുകൊണ്ടാണ് ആ ചിത്രം ചെയ്തത്. ആ കാലത്തെ വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു അത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമ നല്ലത് പോലെ പോയിരുന്നു. പൂര്‍ണമായും മലയാള സിനിമ എന്ന രീതിയില്‍ ആയിരുന്നില്ല ഇന്ദ്രപ്രസ്ഥം ചെയ്തത്.
വിക്രമിന് പകരം വിജയ രാഘവനെയാണ് ആദ്യം പീറ്റര്‍ എന്ന കഥാപാത്രത്തിനായി പരിഗണിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയാണ് വിക്രമിന്റെ പേര് അദ്ദേഹം പറയുന്നത്.
അന്ന് വിക്രം തമിഴ് സിനിമയില്‍ ഒന്നും ആയിട്ടില്ലായിരുന്നു. എന്നാല്‍ അദ്ദേഹം ആ സമയത്ത് തമിഴില്‍ സിനിമ ചെയ്യുന്നുണ്ടായിരുന്നു. മമ്മൂക്കയാണ് വിക്രമിന്റെ പേര് പറയുന്നത്.
വിജയരാഘവനായിരുന്നു മനസിലുണ്ടായിരുന്നതെങ്കിലും അക്കാര്യം പറയുന്നതിന് മുമ്പുതന്നെ വിക്രമിന്റെ പേര് മമ്മൂട്ടി നിര്‍ദേശിക്കുകയായിരുന്നു.
ആ സമയത്ത് മമ്മൂട്ടിക്കൊപ്പം വിക്രം ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുകയോ അഭിനയിച്ച് കഴിഞ്ഞ സമയമോ ആയിരുന്നു- സംവിധായകന് പറഞ്ഞു.
-പിജി