നീരവ് മോദിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനു പിന്നാലെ റോട്ടോമാക് പെന്‍ കമ്പനി ഉടമ വിക്രം കോത്താരി നടത്തിയ ബാങ്ക് തട്ടിപ്പും പുറത്ത്. ആസ്തി പെരുപ്പിച്ചു കാട്ടി 800 കോടിയിലേറെ രൂപ വിവിധ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കോത്താരി നാടുവിട്ടതായാണ് റിപ്പോര്‍ട്ട്.
അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നീ ബാങ്കുകളില്‍നിന്നാണ് കോത്താരി വായ്പകള്‍ തരപ്പെടുത്തിയത്. യൂണിയന്‍ ബാങ്കില്‍നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കില്‍നിന്ന് 352 കോടി രൂപയും കോത്താരി വായ്പയെടുത്തു. എന്നാല്‍, പലിശയിനത്തിലോ മുതലിനത്തിലോ ഒരു പൈസപോലും തിരിച്ചടച്ചിട്ടില്ല.
ഒരാഴ്ചയായി കാണ്‍പുരിലെ റോട്ടോമാക് കമ്പനി ആസ്ഥാനം അടഞ്ഞുകിടക്കുകയാണ്. കോത്താരി വിദേശത്തേക്ക് കടന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഉന്നത ബാങ്ക് ഉദ്യോഗസ്ഥരുമായും പ്രമുഖ രാഷ്ട്രീയനേതാക്കളുമായുമുള്ള ബന്ധവും മുതലാക്കിയാണ് വെട്ടിപ്പ്. കോത്താരിയുടെ ബാങ്ക് ബാധ്യതകള്‍ 5000 കോടി രൂപവരുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കോത്താരിയുടെ സ്വത്തുക്കള്‍ വിറ്റ് പണം വീണ്ടെടുക്കാമെന്ന് പ്രതീക്ഷിക്കുന്നതായി അലഹാബാദ് ബാങ്കിന്റെ മാനേജര്‍ രാജേഷ് ഗുപ്ത പറഞ്ഞു. കാണ്‍പുരില്‍ കോത്താരിക്കുള്ള മൂന്ന് വീടുകള്‍ ലേലംചെയ്യാന്‍ സെപ്തംബറില്‍ അലഹബാദ് ബാങ്ക് അധികൃതര്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. ഉന്നതതല സ്വാധീനം ചെലുത്തി ലേലശ്രമം കോത്താരി പരാജയപ്പെടുത്തുകയായിരുന്നു.
അതേസമയം കോത്താരി കാണ്‍പുരില്‍തന്നെയുണ്ടെന്നും ബാങ്കുകളുമായുള്ള ഇടപാടുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ കഴിഞ്ഞ അഞ്ച് വര്‍ഷം നടന്ന വായ്പാ തട്ടിപ്പുകളില്‍ ബാങ്കുകള്‍ക്കുണ്ടായ നഷ്ടം 61,260 കോടി രൂപയാണെന്ന് റിസര്‍വ് ബാങ്ക് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. നീരവ് മോദിയും കുടുംബാംഗങ്ങളും 11,300 കോടി രൂപ തട്ടിപ്പ് നടത്തിയത് പുറത്തുവന്നതിന് പിന്നാലെയാണ് മറ്റ് കമ്പനികളുടെയും തട്ടിപ്പുകള്‍ പുറത്തുവരുന്നത്.