വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇസ്റോയുടെ ശ്രമം തുടരുകയാണ്. എന്നാല്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇത് സാധ്യമാക്കുക അതി ദുഷ്കരമാണെന്നാണ് മിക്ക ഗവേഷകരും പറയുന്നത്. ലാന്‍ഡര്‍ കിടക്കുന്ന ഭാഗത്ത് സൂര്യപ്രകാശമില്ലാത്തതിനാല്‍ 14 ദിവസം താപനില മൈനസ് 180 ഡിഗ്രി വരെയായിരിക്കും. ഇത്രയും കൊടുംതണുപ്പില്‍ ഉപകരണങ്ങള്‍ നശിക്കാനും പ്രവര്‍ത്തനം നിലയ്ക്കാനും സാധ്യതയേറെയാണ്. നേരത്തേ ഇറങ്ങാന്‍ നിശ്ചയിച്ച ദക്ഷിണധ്രുവത്തിലെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തിന്റെ 500 മീറ്റര്‍ അകലെയാണ് ലാന്‍ഡര്‍ കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, വിക്രം ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാന്‍ സാധ്യത കുറവാണെങ്കിലും കഴിയുന്നതെല്ലാം ചെയ്യുമെന്ന് തന്നെയാണ് ഗവേഷകര്‍ പറയുന്നത്. ലാന്‍ഡറിന് 14 ദിവസം പ്രവര്‍ത്തിക്കാനുളള സംവിധാനങ്ങളാണ് നേരത്തെ സജ്ജീകരിച്ചിരിക്കുന്നത്. എന്നാല്‍ സമയം കഴിയുന്തോറും ലാന്‍ഡറുമായി ബന്ധം സ്ഥാപിക്കാനുള്ള സാധ്യത കുറഞ്ഞു വരികയാണെന്നാണ് മിഷനുമായി ബന്ധപ്പെട്ട ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞത്.
എന്നിരുന്നാലും, ശരിയായ ഓറിയന്റേഷന്‍ ഉപയോഗിച്ച് ലാന്‍ഡറിന് ഇപ്പോഴും ഊര്‍ജ്ജം ഉല്പാദിപ്പിക്കാനും സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനും കഴിയും. എന്നാല്‍ ഇത് ക്രമാനുഗതമായി കുറയാന്‍ സാധ്യതയുണ്ടെന്നുമാണ് മറ്റൊരു വിലയിരുത്തല്‍. ചന്ദ്രന്റെ ഉപരിതലത്തില്‍ വിക്രത്തിന്റെ ‘ഹാര്‍ഡ്-ലാന്‍ഡിംഗ്’ ആയിരിക്കാം ബന്ധം നഷ്ടപ്പെടാന്‍ കാരണമെന്ന് മറ്റൊരു ഉന്നത ഇസ്രോ ഉദ്യോഗസ്ഥന് പറഞ്ഞു. ലാന്‍ഡിംഗ് നാല് കാലുകളില്‍ നടന്നിട്ടില്ലാത്തതിനാല്‍ ലാന്‍ഡറിന് കേടുപാടുകള്‍ വരുത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഐഎസ്ആര്‍ഒ പ്രതീക്ഷ ഇതുവരെ കൈവിട്ടിട്ടില്ല.