കുമരകം: ഇടഞ്ഞോടിയ ആന വൈദ്യുത പോസ്റ്റിനിടയിൽ വച്ചു ഞെക്കികൊലപ്പെടുത്തിയ പാപ്പാന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടുകൊടുക്കും. തിരുവനന്തപുരം ശ്രീവരാഹം മണക്കാട് പനമൂട് വീട്ടിൽ എം. എസ്. വിക്രമൻ (26) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരനാണ്. വിക്രമന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ എത്തിയശേഷം മാത്രമേ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കുമരകം പോലീസ് കേസെടുത്തു.
ഇന്നലെ വൈകുന്നേരം 5.30നു തിരുനക്കര മഹാദേവ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള തിരുനക്കര ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. തിരുനക്കര മഹാദേവക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിനുശേഷം ആനയെ ചെങ്ങളത്തുകാവിലേക്കു തളയ്ക്കാനായി കൊണ്ടുപോവുകയായിരുന്നു. ഇല്ലിക്കൽ ആന്പക്കുഴി ഭാഗത്ത് എത്തിയപ്പോഴേക്കും ആന ഇടയുകയായിരുന്നു.
ഇതു കണ്ടതോടെ ഇതുവഴിയെത്തിയ സ്വകാര്യ ബസ് നിർത്തി. ഇതോടെ ഇടഞ്ഞ ആന നിറെയ യാത്രക്കാരുണ്ടായിരുന്ന ബസ് കുത്തി ഉയർത്തി. ബസിന്റെ മുന്നിലെ ചില്ല് പൂർണമായും തകർന്നു. ബസിനുള്ളിൽ നിന്നും യാത്രക്കാരുടെ കൂട്ടിനിലവിളി ഉയർന്നു. ഈ സമയമത്രയും വിക്രമൻ ആനപ്പുറത്ത് തന്നെയിരുന്ന് ആനയെ നിയന്ത്രിക്കാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ ആനയെ തളയ്ക്കുന്നതിനായി ചങ്ങലയിൽ തൂങ്ങി താഴേക്കിറങ്ങുന്പോൾ വിക്രമനെ ആന പോസ്റ്റുമായി ചേർത്തു ഞെക്കുകയായിരുന്നു.
താഴെ വീണ വിക്രമനെ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇടക്കരിച്ചിറ റോഡിലേക്ക് ഓടിയ ആന കിണറിനു സമീപം നിലയുറപ്പിച്ചു. ഇതിനിടെ മൂന്നാം പാപ്പാൻ രാജേഷിനെ ആക്രമിക്കാൻ ശ്രമിച്ചു. കിണറ്റിൽ നിന്നും വെള്ളം ഒഴിച്ച് ആനയെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മയക്കുവെടി വിദഗ്ധനെത്തിയെങ്കിലും ശ്രമം ഉപേക്ഷിച്ചു.
ഒടുവിൽ രാത്രി എട്ടോടെ മുൻ പാപ്പാൻ പാന്പാടി സ്വദേശി മനോജ് എത്തിയാണ് ആനയെ തളച്ചത്. പീന്നിട് ആനയെ ചെങ്ങളത്തുകാവിൽ എത്തിച്ചു തളച്ചു. ഇവിടെ നടത്തിവന്ന മദപ്പാടിനുള്ള ചികിത്സ തുടരും. മദപ്പാടിനെ തുടർന്നു ചികിത്സയിലായിരുന്ന ശിവനെ ചട്ടം പരിശിലിപ്പിച്ചശേഷം തിങ്കളാഴ്ച വൈകുന്നേരമാണ് തിരുനക്കര ക്ഷേത്രത്തിലെത്തിച്ചത്. വിക്രമിന്റെ അച്ഛൻ മധുകുമാർ, അമ്മ ഷിനി.