കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യത്തെ വിമാന വാഹിനി കപ്പലായ വിക്രാന്തില്‍ നിന്നും മോഷണം പോയ ഹാര്‍ഡ് ഡിസ്കുകള്‍ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നു. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലിന്റെ കംപ്യൂട്ടര്‍ ഇരിക്കുന്ന ഭാഗത്തേക്ക് പ്രവേശനമുള്ള ജീവനക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
മുപ്പതോളം യുദ്ധവിമാനങ്ങള്‍ പറന്നുയരാനും അതിലേറെ സൈനിക ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനും സൗകര്യമൊരുക്കുന്ന വിമാന വാഹിനിയുടെ അതിപ്രധാനമായ രേഖയടക്കം കവര്‍ന്നതായാണ് കൊച്ചി സിറ്റി പോലീസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. രൂപരേഖയും യന്ത്രസാമഗ്രി വിന്യാസവും രേഖപ്പെടുത്തിയ അഞ്ച് കംപ്യൂട്ടറുകളിലാണ് മോഷണം നടന്നത്.
കംപ്യൂട്ടറുകളുടെ ഹാര്‍ഡ് വെയർ ഉള്‍പ്പെടെയാണു കടത്തിക്കൊണ്ടു പോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം അധികൃതരുടെ ശ്രദ്ധയില്‍ പെട്ടതും എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്കിയതും. കേസിന്റെ പ്രാധാന്യം കണക്കിലെടുത്തു സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന പ്രാഥമിക അന്വേഷണത്തിലാണ് വന്‍ സുരക്ഷാ വീഴ്ചയുണ്ടായതായി വ്യക്തമായത്. ഇന്റലിജന്‍സ് ബ്യൂറോയും മിലിറ്ററി ഇന്റലിജന്‍സും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. അതീവ സുരക്ഷ നിലവിലുള്ള വിമാനവാഹിനിയില്‍ പുറമെ നിന്നുള്ളവര്‍ക്കു പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ജീവനക്കാരും തൊഴിലാളികളുമാണു സംശയ നിഴലിലുള്ളത്.