തൊടുപുഴ: കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചേർന്നു നടപ്പിലാക്കുന്ന കാർഷിക ഇൻഷ്വറൻസ് പദ്ധതികളായ പ്രധാനമന്ത്രി ഫസൽ ഭീമായോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും അംഗമാകാൻ ഇനി നാലു ദിവസം.
വിജ്ഞാപിത വിളകൾക്കു വായ്പ എടുത്തിട്ടുളള കർഷകരെ അതാതു ബാങ്കുകൾ, സഹകരണ സംഘങ്ങൾ ഇൻഷുറൻസിൽ ചേർക്കണം. വായ്പ എടുക്കാത്ത കർഷകർ അടുത്തുളള പൊതുസേവന, അക്ഷയകേന്ദ്രങ്ങൾ അല്ലെങ്കിൽ അംഗീകൃത ബ്രോക്കിംഗ് പ്രതിനിധികൾ മുഖേനയോ നേരിട്ട് ഓണ്‍ലൈനായോ ചേരാം. (www.pmfby.gov.in).
പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെല്ലും എല്ലാ ജില്ലകളിലെയും വാഴയും മരച്ചീനിയും ആണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
വിജ്ഞാപിത പ്രദേശത്ത് ആ സീസണിൽ കിട്ടേണ്ടിയിരുന്ന വിളവിനെക്കാൾ കുറവാണ് ലഭിച്ചതെങ്കിലും കർഷകന് പദ്ധതിപ്രകാരം നഷ്ടപരിഹാരം നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.
കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിപ്രകാരം വെള്ളപ്പൊക്കം, കാറ്റ്, ഉരുൾപൊട്ടൽ എന്നീ പ്രകൃതിക്ഷോഭങ്ങൾ നിമിത്തമുണ്ടാകുന്ന വിള നഷ്ടങ്ങൾക്കും നഷ്ടപരിഹാരം ലഭിക്കും.
കാലാവസ്ഥ വിവരമനുസരിച്ച് ഓരോ വിളകൾക്കും രേഖപ്പെടുത്തുന്ന പ്രതികൂല സാഹചര്യങ്ങൾക്കും പരിരക്ഷ ലഭ്യമാണ്.
പ്രധാനമന്ത്രി ഫസൽ ഭീമയോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലും ഈ സീസണിൽ ചേരേണ്ട അവസാന തിയതി 31 ആണ്.