ന്യൂഡൽഹി: സാന്പത്തികമേഖലയ്ക്ക് ഇരട്ടപ്രഹരം. ചില്ലറ വിലക്കയറ്റം അഞ്ചു ശതമാനത്തിലേക്കു കുതിച്ചു. അതേസമയം വ്യവസായ വളർച്ച കുത്തനെ താണു. ജൂൺ മാസത്തിൽ ഉപഭോക്തൃ വിലസൂചിക (സിപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം അഞ്ചു ശതമാനമായി. വ്യവസായ ഉത്പാദന സൂചിക (ഐഐപി) യിലെ വളർച്ച മേയിൽ 3.2 ശതമാനത്തിലേക്കു കൂപ്പുകുത്തി.
ഭക്ഷ്യവിലക്കയറ്റത്തിൽ നേരിയ കുറവുണ്ട്. 3.1ൽനിന്ന് 2.9 ശതമാനത്തിലേക്ക്. ധാന്യങ്ങളിലും പച്ചക്കറികളിലും വിലക്കയറ്റം കുറഞ്ഞു. പയറുവർഗങ്ങൾക്കാകട്ടെ വില 11 ശതമാനത്തോളം താണു.
അതേസമയം, ഇന്ധനവിലയിലെ കുതിപ്പ് 7.14 ശതമാനമായി. വസ്ത്രങ്ങൾക്കും തുണികൾക്കും വില കൂടി. ചില്ലറ വിലക്കയറ്റം ഫെബ്രുവരിയിൽ 4.44, മാർച്ചിൽ 4.28, ഏപ്രിലിൽ 4.58, മേയിൽ 4.87 ശതമാനമായിരുന്നു.
വ്യവസായവളർച്ചയുടെ തോത് അപ്രതീക്ഷിതമായാണു കുറഞ്ഞത്. ജനുവരിയിൽ 7.5 ശതമാനം. ഫെബ്രുവരിയിൽ ഏഴ്, മാർച്ചിൽ 4.4, ഏപ്രിലിൽ 4.9 ശതമാനം എന്ന തോതിലായിരുന്നു മുൻമാസങ്ങളിൽ ഐഐപി വളർച്ച. മേയിൽ ഫാക്ടറി ഉത്പാദനമാണു തീരെ കുറഞ്ഞ വളർച്ച (2.8 ശതമാനം) കാണിച്ചത്. ഖനനം 5.7 ശതമാനവും വൈദ്യുതി 4.2 ശതമാനവും വർധിച്ചു.
ഈ മാസാവസാനം ചേരുന്ന റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി പലിശനിരക്ക് കൂട്ടുന്നതിന് സാധ്യത കൂട്ടുന്നതാണു വിലക്കയറ്റത്തിലെ ഉയർച്ച.