ഷൊർണൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം രൂക്ഷം. സാധാരണക്കാരുടെ ജീവിതം ദുസഹം. വിലക്കയറ്റം മൂലം ഹോട്ടൽ നടത്തിപ്പുകാർ വരെ വലിയ പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ്. പല ഹോട്ടലുകളും അടച്ചു പൂട്ടി.
പുറത്ത് നിന്ന് ആഹാരം കഴിക്കുന്ന ശീലം കോവിഡിന്റെ വരവോടെ നിർത്തിയിരുന്നവർ വീണ്ടും ഹോട്ടൽ ശാപ്പാടിന്റെ രുചികളിലേക്ക് തിരിച്ചു വരുന്നതിനിടയിലാണ് രൂക്ഷമായ വിലക്കയറ്റം നിത്യോപയോഗ സാധനങ്ങൾക്ക് നേരിട്ടത്.
ഇതോടു കൂടി വീണ്ടും ഹോട്ടൽ മേഖലയാകെ പ്രതിസന്ധിയിലായിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിനൊപ്പം തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റം കൂടി വിവിധ മേഖലകളിൽ വന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരാണ്.
പച്ചക്കറിക്കും ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനുമെല്ലാം ഇപ്പോൾ തീവിലയായതാണ് ജനങ്ങളെ കുഴക്കുന്നത്. പാചകവാതകത്തിന്റെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നത് ഹോട്ടൽ വ്യവസായത്തെയും മറ്റു മേഖലകളെയുമെല്ലാം ഒരു പോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
പലരുടെയും ഉപജീവനം പോലും വഴി മുട്ടിയ അവസ്ഥയിലാണ്. പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില ഉയരുന്നതിന്നതിനനുസരിച്ച് മറ്റ് മേഖലകളിലും വിലകയറ്റം ഉണ്ടാവുന്നുണ്ട്.
ബസ്- ഓട്ടോ ചാർജ് വർധന കൂടി ആയതോടെ ജനങ്ങൾക്കത് ഇരട്ട പ്രഹരമായി. കഴിഞ്ഞ വർഷം ഇതേ മാസം പെട്രോളിന് 70 രൂപയായിരുന്നത് ഇപ്പോൾ നൂറ്റി പത്തിലേക്കടുക്കുകയാണ്.
എല്ലാ മേഖലയിലും വിലക്കയറ്റം ഒരുമിച്ചു വരുന്നതോടെ കുടുംബ ബജറ്റുകളുടെയെല്ലാം താളം തെറ്റുന്ന അവസ്ഥയാണ്.
പാചക വാതകത്തിന് 950 രൂപയാണു നിലവിൽ ഈടാക്കുന്നത്.
സാധാരണക്കാരന്റെ കുടുംബ ബജറ്റപ്പാടെ താളം തെറ്റിയ സ്ഥിതിയിലാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 19 കിലോയുള്ള ഒരു വാണിജ്യ സിലിണ്ടറിന് 1463 രൂപയായിരുന്നത് ഇന്ന് 2025 രൂപയാണ്.
ഭക്ഷ്യ എണ്ണയ്ക്കും അരിക്കുമെല്ലാം വില കൂടിയെങ്കിലും അതിന് ആനുപാതികമായി ഭക്ഷണത്തിന്റെ വില കൂട്ടിയിട്ടില്ലെന്നു ഹോട്ടൽ ഉടമകൾ പറയുന്നു.
മുൻപ് ഉച്ചഭക്ഷണം കഴിക്കാൻ സ്ഥിരം ഉപഭോക്താക്കൾ ഉണ്ടായിരുന്നെങ്കിൽ ഇന്നു വളരെ കുറച്ച് ആളുകൾ മാത്രമേ വരുന്നുള്ളൂ.വില കൂട്ടിയാൽ ഉപഭോക്താക്കൾ വരില്ല എന്ന ഭയവും ഹോട്ടലുകാർക്കിടയിലുണ്ട്.
ഇന്ധന വില കൂടിയതിനാൽ ഇനിയും മിനിമം നിരക്ക് കൂട്ടാതെ ഓടാൻ കഴിയില്ലെന്നാണു ടാക്സിക്കാർ പറയുന്നത്. കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടു വീട്ടിലേക്കാവശ്യമായ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നു തൊഴിലാളികൾ പറയുന്നു.
പെട്രോൾ-ഡീസൽ വിലക്കയറ്റം രൂക്ഷമായതോടെ ഇത് മറികടക്കാൻ പലരും സിഎൻജിയിലേക്കു മാറിയിരുന്നു. ജില്ലയുടെ വിവിധ മേഖലളിലായി ഓട്ടോറിക്ഷകൾ അടക്കം ആയിരത്തിലേറെ വാഹനങ്ങളാണു സിഎൻജി ഉപയോഗിച്ച് ഓടുന്നത്.
എന്നാൽ വിവിധ പന്പുകളിലും ആലത്തൂർ, പട്ടാന്പി താലൂക്കുകളിലും സിഎൻജി കിട്ടാനില്ലാത്ത സ്ഥിതിയാണെന്ന് അനുഭവസ്ഥർ പറയുന്നു.
രൂക്ഷമായ വിലക്കയറ്റത്തിനൊപ്പം വിവിധ തൊഴിൽ മേഖലകൾ സ്തംഭിക്കുന്നതും, തൊഴിൽ നഷ്ടവും സാധാരണക്കാരെ വലയ്ക്കുന്നുണ്ട്.
ബസ് പണിമുടക്കുകളും, അഖിലേന്ത്യാ പണിമുടക്കുമെല്ലാം വലിയ ജീവിത പ്രതിസന്ധികളാണ് സാധാരണക്കാർക്ക് സൃഷ്ടിക്കുന്നത്.