മാവേലിക്കര: പച്ചക്കറിക്കടയിലെ ജനദ്രോഹ വിലക്കൂട്ടലിനും നിയമ ലംഘനത്തിനും മാവേലിക്കര സിഐയുടെ പോലീസ് പൂട്ട്.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലെ ലോക്ക് ഡൗണിന്റെ മറവിൽ പച്ചക്കറികൾക്ക് അമിത വില ഈടാക്കുകയും നിരോധിത പ്ലാസ്റ്റിക് കവർ അന്യായ വിലയ്ക്കു വിൽക്കുകയും ചെയ്തതിന് മാവേലിക്കര കെഎസ്ആർടിസി ജംഗ്ഷനിൽ പച്ചക്കറി കട നടത്തുന്ന ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ശ്രുതിലയത്തിൽ സതീശന് (55) എതിരെയാണ് മാവേലിക്കര പോലീസ് കേസെടുത്തത്.
ഈ കടയിലെ ജനദ്രോഹ വിൽപനയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മാവേലിക്കര സിഐയ്ക്കു നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് കടയുടമയ്ക്ക് പോലീസ് താക്കീത് നൽകിയിരുന്നു.
ഇതു വകവെയ്ക്കാതെ പ്രവൃത്തി തുടർന്നപ്പോൾ സിഐ നേരിട്ട് പരിശോധനയ്ക്കിക്കിറങ്ങുകയായിരുന്നു. പച്ചക്കറി വാങ്ങാൻ ശനിയാഴ്ച രാവിലെ 8.30 ന് മഫ്തിയിൽ കടയിലെത്തിയ സിഐ പച്ചക്കറി വാങ്ങിയ ശേഷം കവർ ചോദിച്ചു.
പ്ലാസ്റ്റിക് കവർ കൊടുത്ത ശേഷം വില 10 രൂപയെന്നറിയിച്ചു. ഇത് നിയമ ലംഘനമാണെന്ന് പറഞ്ഞ സിഐ യോട് ഇയാൾ വേണമെങ്കിൽ വാങ്ങിയാൽ മതിയെന്നു പറഞ്ഞ കടയുടമയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കേസെടുക്കുകയായിരുന്നു.
വീണ്ടും ഇത്തരം നടപടികൾ ആവർത്തിച്ചാൽ കൂടുതൽ കർക്കശമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിഐ അറിയിച്ചു. ലോക്ക് ഡൗണിന്റെ മറവിൽ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനം സ്വീകരിക്കുന്ന കച്ചവടക്കാർക്കെതിരെ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു