vil
കാഞ്ഞിരപ്പള്ളി: അവശ്യസാധനങ്ങളുടെയും ഇന്ധന-പാചകവാതകത്തിന്റെയും വിലവര്‍ധന കുടുംബ ബജറ്റുകളെ താളംതെറ്റിക്കുന്നു.
കോവിഡ് പ്രതിസന്ധിയിലും സാമ്പത്തിക പ്രതിസന്ധിയിലും ദുരിതത്തിലായ സാധാരണക്കാര്‍ക്ക് വിലക്കയറ്റം ഏറെ ഇരുട്ടടിയായിരിക്കുകയാണ്.
ദിനംപ്രതി അവശ്യസാധനങ്ങളുടെയും ഇന്ധന-പാചക വാതകത്തിന്റെയും വിലയിലുണ്ടായ വർധനവാണ് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്ഥിരവരുമാനക്കാരെയും ദിവസവേതനക്കാരെയുമാണ് വിലവര്‍ധന ഏറെ ബാധിച്ചത്.
അരി, പച്ചക്കറി എന്നിവയുടെ വിലയില്‍ വലിയ വർധനവാണ് ഉണ്ടായത്. അഞ്ചു മുതല്‍ എട്ടു രൂപ വരെയാണ് ഒരു കിലോ അരിക്ക് വിലകൂടിയത്. പയര്‍വര്‍ഗങ്ങളുടെ വിലയില്‍ കുറവുണ്ടായെങ്കിലും പച്ചക്കറി വില കുത്തനേ ഉയര്‍ന്നു.
പച്ചക്കറികളുടെ വിലയില്‍ 10 രൂപ മുതല്‍ വില കൂടിയിട്ടുണ്ട്. പ്രതിദിനം പച്ചക്കറി വിലയില്‍ മാറ്റമുണ്ടാകുന്നുണ്ടെന്നു വ്യാപാരികള്‍ പറയുന്നു.
825 രൂപയായിരുന്ന പാചകവാതകത്തിന്റെ വില 906.50 രൂപയായി ഉയര്‍ന്നു. കെട്ടുവിറകിന് കഴിഞ്ഞ വര്‍ഷം 65 മുതല്‍ 70 രൂപ വരെയായിരുന്നത് ഈ വർഷം 75 മുതല്‍ 85 രൂപ വരെയായി ഉയർന്നിരിക്കുകയാണ്.
കൂടുതല്‍ കുടുംബങ്ങളും പാചകവാതകമാണ് അടുക്കളയില്‍ ഉപയോഗിക്കുന്നത്.ഇന്ധന വിലവർധനവ് കുടുംബത്തിന്റെ യാത്രാച്ചെലവ് ഇരട്ടിയാക്കിയിരിക്കുകയാണ്.
ഒരു വര്‍ഷത്തിനിടെ 20 രൂപയ്ക്ക് മുകളിലാണ് വില കൂടിയത്. ഇന്ധന വിലവർധനവ് ഉണ്ടായതോടെ പൊതുഗതാഗതം ഉള്‍പ്പെടെയുള്ള യാത്രാച്ചെലവിലും വർധനവുണ്ടായി.
മേയ് ഒന്നു മുതൽ ബസ്, ഓട്ടോ-ടാക്സി നിരക്ക് വർധിക്കുന്നതോടെ സാധാരണക്കാർ കൂടുതൽ പ്രതിസന്ധിയിലാകും. എട്ടു രൂപയായിരുന്ന ബസ് മിനിമം ചാര്‍ജ് 10 രൂപയായും സാധരണക്കാരന്റെ വാഹനമായ ഓട്ടോ ചാര്‍ജ് 30 രൂപയായുമാണ് വർധിപ്പിച്ചിരിക്കുന്നത്.