റോബിൻ ജോർജ്
കൊച്ചി: ദിവസങ്ങൾ നീണ്ട മഴക്കെടുതിക്കു പിന്നാലെ കുടുംബ ബജറ്റ് താളംതെറ്റിച്ച് സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ ഒട്ടുമിക്ക പച്ചക്കറികൾക്കും കൂടിയതു പത്തും ഇരുപതും രൂപവീതം.
25 രൂപ മുതൽ 30 രൂപവരെ ലഭിച്ചിരുന്ന പച്ചപയറിന്റെ വില അൻപതു രൂപയിലേക്ക് ഉയർന്നപ്പോൾ കാബേജിന്റെ വില ഇരട്ടിയായി. 40 രൂപയാണ് ഒരു കിലോ കാബേജിന് എറണാകുളം മാർക്കറ്റിലെ ചില്ലറ വില്പന വില.
ദിവസങ്ങൾക്കുമുന്പ് 20 രൂപമാത്രമുണ്ടായിരുന്നിടത്താണു വില കുത്തനെ കൂടിയത്. തക്കാളി, വെണ്ടയ്ക്ക, ബീറ്റ്റൂട്ട്, കാരറ്റ്, ബീൻസ്, കോവയ്ക്ക, മുരിങ്ങയ്ക്ക എന്നിവയുടെ വിലയിലെല്ലാം വർധനയുണ്ടായിട്ടുണ്ട്.
കാരറ്റിന്റെ വിലയിലും വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 40 രൂപയായിരുന്ന കാരറ്റിന്റെ ഇന്നലത്തെ വില 60 രൂപയാണ്. വെണ്ടയ്കക്ക, ബീറ്റ്റൂട്ട്, ബീൻസ്, കോവയ്ക്ക എന്നിവയുടെ വിലയിൽ പത്തു രൂപയുടെ വർധനവാണു രേഖപ്പെടുത്തിയത്.
അതേസമയം, ചെറു ഉള്ളിയുടെ വില 60 കടന്നു മുന്നേറുകയാണ്. 30 മുതൽ 40 രൂപയ്ക്കുവരെ ലഭിച്ചിരുന്ന ഏറ്റവും മോശം ഉള്ളിയ്ക്കുവരെ വില 50 രൂപയ്ക്കു മുകളിലായി. സവോള വിലയിൽ വർധന ഉണ്ടായിട്ടില്ലെന്നത് ആശ്വസത്തിന് വക നൽകുന്നു. കിലോയ്ക്ക് 25 രൂപയ്ക്കു സവോള ലഭ്യമാണ്. ഇതിനുപുറമേ, ഉരുളക്കിഴങ്ങ്, മുരിങ്ങയ്ക്ക, മുളക്, എന്നിവയുടെ വിലയിലും കാര്യമായ വർധന ഉണ്ടായിട്ടില്ല.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കു പിന്നാലെയാണു പച്ചക്കറി വിലയും വർധിക്കുന്നത്. ചരക്കുലോറി ഉടമകൾ ആരംഭിച്ച അനശ്ചിതകാല സമരം നീണ്ടാൽ വരും ദിവസങ്ങളിൽ വിലയിൽ വൻ വർധനവാകും ഉണ്ടാകുക. മഴക്കെടുതിയാണു നിലവിൽ വിലക്കയറ്റത്തിനു കാരണമെന്നു വ്യാപാരികൾ പറയുന്നു.
അയൽസംസ്ഥാനങ്ങളിൽനിന്നുള്ളതിനൊപ്പം നാടൻ ഉത്പന്നങ്ങളുടെ വരവും കുറഞ്ഞിട്ടുണ്ട്. തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിൽനിന്നായിരുന്നു കൂടുതലായും പച്ചക്കറി എറണാകുളം മാർക്കറ്റിലേക്കു വന്നിരുന്നത്. നിലവിൽ ഇവിടെനിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതായാണു വ്യാപാരികൾ പറയുന്നത്.
വില കൂടിയതോടെ ജനങ്ങൾ ഉപഭോഗത്തിൽ കുറവ് വരുത്തിത്തുടങ്ങിയെന്നും കച്ചവടം കുറഞ്ഞുവെന്നും വ്യാപാരികൾ സമ്മതിക്കുന്നു. ഇരട്ടടിപോലെ ലോറി സമരവും ആരംഭിച്ചതിനാാൽ ഓണക്കാലം കഴിയാതെ വില കുറയാനിടിയില്ലെന്നാണു ഒരു വിഭാഗം വ്യാപാരികളുടെ കണക്കുകൂട്ടൽ.