
കൊച്ചി: വിപണിയിൽ വിലക്കയറ്റമുണ്ടാകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വൻ വിലക്കയറ്റമാണ് ഇന്നലെ കണ്ടത്. ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായത് ചെറിയ ഉള്ളിക്കായിരുന്നു. കഴിഞ്ഞ ആഴ്ച 60-65 രൂപ ചില്ലറവിലയുണ്ടായിരുന്ന ഉള്ളിക്ക് ഇന്നലെ 100 മുതൽ 120 രൂപവരെയാണ് ഈടാക്കിയത്.
വലിയ പയറിന് (വെള്ളിപ്പയർ) 32-40 ചില്ലറവിലയുണ്ടായിരുന്നത് 60 രൂപ മുതൽ 80 രൂപ വരെയായി. കഴിഞ്ഞ ആഴ്ച 32-36 രൂപയുണ്ടായിരുന്ന മുരിങ്ങക്കോൽ വില ഇന്നലെ 46മുതൽ 52 വരെയായിരുന്നു.
ഉരുളക്കിഴങ്ങിന് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് കിലോഗ്രാമിന് എട്ടു രൂപ ഇന്നലെ കൂടുതലായിരുന്നു.
25-30 രൂപയായിരുന്ന തക്കാളിക്ക് ഇന്നലെ 40 രൂപ മുതൽ 50 രൂപ വരെ പലയിടത്തും ഈടാക്കി. 32 രൂപ വിലയുണ്ടായിരുന്ന ബീറ്റ്റൂട്ട് ഇന്നലെ പലരും 52 രൂപ മുതൽ 60 രൂപയ്ക്കുവരെയാണ് വിറ്റത്. 40 രൂപ വിലയുണ്ടായിരുന്ന ചേനയ്ക്ക് 50 രൂപയായി.
സവോളയ്ക്കും കിലോഗ്രാമിന് നാലു രൂപയോളം കൂടി. 40-50 രൂപ വിലയുണ്ടായിരുന്ന കാരറ്റിന് ഇന്നലെ 64 മുതൽ 72 രൂപ വരെയാണു പലയിടങ്ങളിലും ഈടാക്കിയത്. കഴിഞ്ഞ ആഴ്ച 80-90 രൂപ വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് 100-120 രൂപയായിരുന്നു ഇന്നലെ വില. മിക്ക പച്ചക്കറികൾക്കും കിലോയ്ക്ക് 10 രൂപ മുതൽ 20 രൂപ വരെ വർധിച്ചു.
പലയിടത്തും മൽസ്യവും ലഭിച്ചില്ല. മിക്ക മത്സ്യമാർക്കറ്റുകളും കർശനമായ പോലീസ് വിലക്കുമൂലം പ്രവർത്തിച്ചില്ല. മാർക്കറ്റുകളിൽ വിൽപനയ്ക്കെത്തിയവരെ അവിടെയിരുന്നു വിൽക്കാൻ പോലീസ് അനുവദിച്ചില്ല.
പലയിടത്തും ചൂടൻ വിഭാഗത്തിൽപ്പെട്ട ചെമ്മീൻ മാത്രമായിരുന്നു ഇന്നലെ വിൽപനയ്ക്കായി എത്തിയത്. കിലോഗ്രാമിന് 280 രൂപ മുതൽ 300 രൂപ വരെയായിരുന്നു വില. 100-120 രൂപയുണ്ടായിരുന്ന തിലോപ്പിക്ക് പല കച്ചവടക്കാരും 160 രൂപയാണ് ഈടാക്കിയത്.
മത്സ്യമാർക്കറ്റുകൾ പ്രവർത്തിക്കാതിരുന്നതിനാൽ മത്സ്യം വാങ്ങാനെത്തിയവർ നട്ടം തിരിഞ്ഞു. കഴിഞ്ഞ ആഴ്ച 35 രൂപ മുതൽ 50 രൂപ വരെയുണ്ടായിരുന്ന കോഴിക്ക് 70 രൂപ മുതൽ 95 രൂപ വരെയായിരുന്നു ഇന്നലത്തെ വില. അരിക്കും പലചരക്കിനും നേരിയ വിലവർധനയുണ്ടായി.
പഞ്ചസാരയ്ക്കും അരിക്കും പല വ്യാപാരികളും ക്വിന്റലിന് 50 രൂപയോളം കൂട്ടിയാണ് വിറ്റത്. അതിർത്തി കടന്ന് സുഗമമായി പച്ചക്കറികളും മറ്റും എത്താനാവാത്ത സാഹചര്യമാണു വിലക്കയറ്റത്തിനു കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
ചെക്ക്പോസ്റ്റുകളിൽ മണിക്കൂറുകൾ കെട്ടിക്കിടക്കുന്നതും തിരിച്ചു പോകുന്ന ലോറികൾ പിടിച്ചിടുന്നതും മൂലം കേരളത്തിലേക്കു ചരക്കുമായി വരാൻ പല ലോറിക്കാരും മടിക്കുകയാണ്. ജോലിക്കും മറ്റും പോകാനാവാതെ വീട്ടിലിരിക്കുന്ന സാധാരണക്കാരുടെ നട്ടെല്ലൊടിക്കും വിധമാണ് വിലക്കയറ്റം.
സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള വ്യഗ്രതയിൽ പലകടകളുടെയും മുന്നിൽ ഇന്നലെയും ആൾക്കൂട്ടം രൂപപ്പെട്ടിരുന്നു. വിലക്കയറ്റം ഇനിയും വില കൂടുമോ എന്ന ആശങ്ക ജനത്തിനുണ്ട്.