ന്യൂഡൽഹി: സാരിഡോൺ അടക്കം 328 ഔഷധബ്രാൻഡുകൾക്കു വിലക്ക്. നേരത്തേ 344 ഇനങ്ങൾക്കുണ്ടായിരുന്ന വിലക്കാണ് ഇപ്പോൾ പരിഷ്കരിച്ചത്. ഒന്നിലേറെ ഔഷധങ്ങൾ അടങ്ങിയവയാണു നിരോധിക്കപ്പെട്ടത്. 2016ൽ 350 എണ്ണം നിരോധിച്ചിരുന്നു.
വേദനസംഹാരി സാരിഡോൺ, ചർമസംരക്ഷണത്തിനുള്ള പാൻഡേം, ബാക്ടീരിയ പ്രതിരോധത്തിനുള്ള ടാക്സിം എസെഡ് എന്നിവ നിരോധിക്കപ്പെട്ടു. മൊത്തം 1500 കോടി രൂപയുടെ വാർഷിക വിറ്റുവരവ് ഉള്ളവയാണു നിരോധിക്കപ്പെട്ട ഔഷധങ്ങൾ. രാജ്യത്ത് ഒരു വർഷം 1.2 ലക്ഷം കോടി രൂപയുടെ അലോപ്പതി ഔഷധങ്ങളാണു വിൽക്കുന്നത്.
പ്രമേഹത്തിനുള്ള ട്രൈപ്രൈഡ്, ട്രൈബെറ്റ്, ഗ്ലൂക്കോനോം തുടങ്ങിയവയുടെ നിർമാണത്തിനും വില്പനയ്ക്കും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഒറ്റയ്ക്കൊറ്റയ്ക്ക് ഉപയോഗിക്കേണ്ട പല ഔഷധങ്ങൾ ഒന്നിച്ചുചേർത്തുണ്ടാക്കുന്ന ഫിക്സഡ് ഡോസ് കോന്പിനേഷൻ (എഫ്ഡിസി) ഔഷധങ്ങൾക്കാണു വിലക്ക്.
ജലദോഷം, ചർമരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ളവയാണ് ഇത്തരം കൂടുതൽ ഔഷധക്കൂട്ടുകൾ. വേദനസംഹാരികളും ഉണ്ട്.ഔഷധക്കൂട്ടുകളുടെ നിരോധനത്തെത്തുടർന്നുള്ള നിയമയുദ്ധം സുപ്രീംകോടതിവരെ എത്തിയിരുന്നു. സുപ്രീംകോടതി നിരോധനം ശരിവയ്ക്കുകയാണു ചെയ്തത്.