കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യക്ക് ഐസിസിയുടെ വിലക്ക്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് രണ്ടു വർഷത്തേക്കാണ് വിലക്കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ അന്വേഷണത്തോട് സഹകരിക്കാത്തതിനാണ് നടപടി.
ജയസൂര്യ ലങ്കന്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായിരിക്കെ നടന്ന ക്രമക്കേടുകളാണ് ഐസിസി അന്വേഷിക്കുന്നത്. രണ്ട് കുറ്റങ്ങള്‍ താരത്തിനെതിരെ അഴിമതി വിരുദ്ധ സമിതി ചുമത്തിയിരുന്നു. എന്നാൽ താരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അന്വേഷണം വൈകിപ്പിക്കുകയും തടസപ്പെടുത്തുകയും ചെയ്യുന്നുവെന്നായിരുന്നു കണ്ടെത്തൽ.
2021വരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ജയസൂര്യക്ക് സഹകരിക്കാനാവില്ല. ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഭരണപരമായ കാര്യങ്ങളിലും താരത്തിന് ഇനി ഇടപെടാനാകില്ല.