കോഴിക്കോട്: മർദനമേറ്റ ഓട്ടോഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം അനുഭാവികളായ പത്തോളം പേര്‍ക്കെതിരേ കേസ്. എലത്തൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ബിജെപി പ്രവര്‍ത്തകനും ഓട്ടോഡ്രൈവറായ എസ്കെ ബസാറിലെ നാലൊന്നുകണ്ടി രാജേഷ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിലാണ് പോലീസ് കേസെടുത്തത്. സിപിഎം നേതാക്കളായ ഒ.കെ.ശ്രീലേഷ്, ഷൈജു എന്നിവര്‍ക്കെതിരേയാണ് ഭീഷണിപ്പെടുത്തല്‍ , സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
ഇവരുള്‍പ്പെടെ പത്തോളം പേര് രാജേഷിനെ മര്‍ദിച്ചതായാണ് രാജേഷിന്റെ ഭാര്യ രജിഷ പോലീസില്‍ പരാതി നല്‍കിയത്. അതേസമയം പോലീസ് വിഷയത്തില്‍ ലാഘവത്തോടെയാണ് നടപടി സ്വീകരിക്കുന്നതെന്നും പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രാജേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന് ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എലത്തൂര്‍ പോലീസ് അറിയിച്ചു.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായസംഭവം. എലത്തൂര്‍ കൊട്ടേടത്ത് ബസാറിലെ പഞ്ചിംഗ് സ്റ്റേഷന് സമീപത്ത് വച്ചാണ് രാജേഷിനെ ഒരു സംഘം സിപിഎമ്മുകാര്‍ അക്രമിച്ചത്. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നതായാണ് പറയുന്നത്.
ഇതിനെചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. മര്‍ദനം സഹിക്കാതെ രാജേഷ് അക്രമികളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് പെട്രോളെടുത്ത് ശരീരത്തിലൊഴിച്ച് തീകൊളുത്തി. ഗുരുതരമായി തീപൊള്ളലേറ്റ രാജേഷിനെ ആദ്യം കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍കോളജിലേക്കും മാറ്റി.
ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് രാജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞത്. മര്‍ദിച്ച് പരിക്കേല്പ്പിച്ചവരുടെ വിവരവും മറ്റും രാജേഷ് മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നെഞ്ചിലും പുറത്തും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ രാജേഷ് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.