കുന്നിക്കോട്:പ്രവാസിയായ സുഗതന്റെ ആത്മഹത്യയ്ക്കിടയാക്കിയ വിളക്കുടി ഗ്രാമപഞ്ചായത്തധികൃതര് പ്രവാസികൾ നിർമിച്ച വീടുകൾക്കും നമ്പർ നിഷേധിച്ചു. പ്രവാസി സുഗതനെ ആത്മഹത്യയിലേക്ക് നയിച്ച് വിവാദത്തിലായ പത്തനാപുരം താലൂക്കിലെ വിളക്കുടി ഗ്രാമപ്പഞ്ചായത്തിലാണ് അയൽവാസികളായ രണ്ട് പ്രവാസികളുടെ വീടുകൾക്ക് വീട്ടുനമ്പർ നിഷേധിച്ചത്.
ആവണീശ്വരം റെയിൽവേ സ്റ്റേഷന് സമീപം ഷാജി മൻസിലിൽ ഷാജഹാൻ, വയലുവിളക്കടയിൽ നാസറുദീൻ എന്നിവർക്കാണ് വീട്ടുനമ്പർ നിഷേധിക്കപ്പെട്ടത്. പഞ്ചായത്തിന്റെ അനുമതി നേടി നിർമിച്ച വീടുകൾക്കാണ് നിർമാണം പൂർത്തിയായപ്പോൾ വീട്ടുനമ്പർ നൽകാത്തത്. 2009ൽ പെർമിറ്റ് നേടി തുടങ്ങിയ ഷാജഹാന്റെ വീട് നിർമാണം സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നീണ്ടുപോയി. തുടർന്ന് 2012ൽ വീണ്ടും പഞ്ചായത്ത് പെർമിറ്റ് പുതുക്കി നൽകി.
2015ൽ നിർമാണം പൂർത്തിയാക്കി ആവശ്യമായ രേഖകളെല്ലാം സമർപ്പിച്ചിട്ടും വീട്ടുനമ്പർ നൽകിയില്ല. 23 വർഷമായി വിദേശത്ത് ജോലി ചെയ്ത സമ്പാദ്യവും ബാങ്ക് ലോണും ഉപയോഗിച്ചാണ് ആവണീശ്വരത്തെ ഇഷ്ടികച്ചൂളയ്ക്ക് സമീപത്തെ ആറു സെന്റിൽ വീടുവെച്ചത്. വീട്ടു നമ്പരിനായുള്ള ശ്രമത്തിനിടെ വിദേശ ജോലിയും നഷ്ടമായി. ലോൺ അടയ്ക്കാതെ വന്നതോടെ കഴിഞ്ഞ ദിവസം വീട്ടിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചു.
വീട് വിറ്റ് കടം തീർക്കാനുള്ള ശ്രമം വീട്ടു നമ്പർ ലഭിക്കാത്തതു കാരണം മുടങ്ങുകയും ചെയ്തു. ഇതുകാരണം കുടുംബത്തിന് സ്വന്തമായി റേഷൻ കാർഡുപോലും ലഭിച്ചിട്ടില്ലെന്ന് ഷാജഹാൻ പറയുന്നു. ഗാർഹിക ഉപഭോക്താവെന്ന പരിഗണന ഇല്ലാത്തതിനാൽ 4000രൂപ മുതൽ ആറായിരം വരെയാണ് വൈദ്യുതി ബിൽ. വയൽ നികത്തിയ ഭൂമിയിൽ വീടുവെച്ചതിനാലാണ് നമ്പർ നൽകാത്തതെന്നാണ് പഞ്ചായത്ത് വിശദീകരണം.
എന്നാൽ നിർമാണത്തിന് അനുമതി നൽകിയത് എങ്ങനെയെന്ന ചോദ്യത്തിന് പഞ്ചായത്തിന് വിശദീകരണമില്ല. സമാനമാണ് നാസറുദീന്റെ അനുഭവവും. ഇഷ്ടികച്ചൂളയ്ക്ക് ചെളിയെടുത്ത സ്ഥലത്ത് പെർമിറ്റ് നേടിയാണ് നാസറുദീനും വീട് നിർമാണം തുടങ്ങിയത്.
വീട്ടുനമ്പർ ലഭിക്കാതെ വന്നതൊടെ ഇരു പ്രവാസി കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ ഇളമ്പലിൽ വർക്ക്ഷോപ്പ് നിർമിക്കാൻ നിർമിച്ച ഷെഡിൽ രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടന കൊടികുത്തിയതിനെ തുടർന്ന് പ്രവാസി സുഗതൻ ആത്മഹത്യ ചെയ്ത അതേ പഞ്ചായത്തിലാണ് പ്രവാസികൾക്ക് വീണ്ടും ദുരിതം.
2018 ഫെബ്രുവരി 23നാണ് സുഗതൻ ആത്മഹത്യ ചെയ്തത്. സുഗതന്റെ മക്കൾക്ക് വർക്ക് ഷോപ്പ് തുറക്കാൻ അനുവദിച്ചെങ്കിലും ഇനിയും ലൈസൻസ് ലഭ്യമാക്കിയിട്ടില്ല. ഇതിനിടയിലാണ് പുതിയ വിവാദം.