തിരുവനന്തപുരം: എത്ര പിആർ ഏജൻസികൾ വിചാരിച്ചാലും പിണറായി വിജയന്റെ ധാർഷ്ട്യം ഇല്ലാതാക്കാൻ കഴിയില്ലെന്ന് മനസിലായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് ഇത്രയും ധാർഷ്ട്യം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികളെ അവരുടെ ഗ്രാമങ്ങളിലെത്തിക്കുന്നതിനായി കോണ്ഗ്രസ് പാർട്ടി നൽകുന്ന പണം സ്വീകരിക്കാൻ തയാറാകാത്ത നടപടി മനുഷ്യത്വ ര ഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രളയദുരിതാശ്വാസ ഫണ്ട് വെട്ടിച്ച സിപിഎം നേതാക്കളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഒരു ഉളുപ്പുമില്ലാതെയാണ് കോൺഗ്രസുകാരുടെ പണം അവരുടെ കൈയിൽ ഇരിക്കട്ടെയെന്ന് പറഞ്ഞത്.
കഴിഞ്ഞ നാല് വർഷമായി പിണറായിക്ക് ഒരു മാറ്റവും ഉണ്ടായില്ലെന്ന് ഇതിലൂടെ വ്യക്തമായി. ജനങ്ങളിൽനിന്ന് പിരിച്ച പണം ഉപയോഗിച്ചാണ് സഹായം ചെയ്യാൻ കോൺഗ്രസ് തീരുമാനിച്ചത്. ആ പണം വേണ്ടായെന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയക്കളി കേരളത്തിലെ ജനങ്ങൾ മനസിലാക്കുമെന്നും ചെന്നിത്തല പറഞ്ഞു.