നാദാപുരം: ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിന് മുൻ സർക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതി കോടികൾ തുലച്ച് പാതി വഴിയിൽ നിലച്ചു. ഒന്പത് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതിയിലെ നാല് കോടി രൂപയോളം ഒന്നര മാസത്തിനിടയിൽ പിൻവലിച്ചു.നാലിലൊന്ന് പണി പോലും ചെയ്യാതെയാണ് പണം പിൻവലിച്ചതെന്ന് കോളനി വാസികൾ പറയുന്നു.
ചെയ്ത പണിക്ക് കൂലിനൽകാതെ കോൺട്രാക്റ്റർ സ്ഥലം വിട്ടതായും പരാതി ഉയർന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികവർഗക്കാർ താമസിക്കുന്ന വടകര താലൂക്കിലെ വിലങ്ങാട്, താമരശേരി താലൂക്കിലെ ചെമ്പുകടവ് കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് മുൻ സർക്കാരിന്റെ കാലത്ത് 2014ൽ പത്ത് കോടി രൂപ അനുവദിച്ചത്.
ചെമ്പുകടവ് കോളനിക്ക് മൂന്ന് കോടിയും വിലങ്ങാട്ടേക്ക് ഏഴ് കോടിയുമാണ് വകയിരുത്തിയത്. എന്നാൽ പിന്നീട് പല കാരണങ്ങൾ പറഞ്ഞ് വിലങ്ങാട്ടെക്കുള്ള തുകയിൽ നിന്നും അരക്കോടിയോളം രൂപ കുറവു വരുത്തിയിരുന്നു.വിലങ്ങാട്ടെ വായാട്, മാടാഞ്ചേരി, കുറ്റല്ലൂർ, പന്നിയേരി കോളനിക്കാരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഊരുകൂട്ടങ്ങൾ വിളിച്ചു ചേർത്ത് ആവശ്യങ്ങൾ ചോദിച്ചറിഞ്ഞായിരുന്നു പദ്ധതി രേഖ സമർപ്പിച്ചത്.
ഇതിനായി അന്നത്തെ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി കോളനികളിലെത്തി ഒരു ദിവസം ചെലവഴിച്ചിരുന്നു. തുടർന്നാണ് പ്രദേശത്തെ റോഡ്, പാലം, കുടിവെള്ളം, വീട്, സാംസ്കാരിക കേന്ദ്രങ്ങൾ, ശ്മശാനം, നടപ്പാത, കോളനികളുടെ സുരക്ഷ തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചത്.
കേന്ദ്ര, കേരള സർക്കാരുകളുടെ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പ്രൊജക്ടിന്റെ കരാർ ലഭിച്ചത് ചെന്നെ ആസ്ഥാനമായ ഒരു കമ്പനിക്കാണ്. എന്നാൽ അവർ തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മറ്റൊരു ടീമിന് പണി കൈമാറി. പക്ഷെ പദ്ധതി ആരംഭിച്ച് നാല് വർഷമായിട്ടും പണികളൊന്നും എവിടെയും എത്തിയിട്ടില്ല.
മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂർ എന്നിവിടങ്ങളിലെ റോഡിന്റെ ഇരുവശവും കല്ലിട്ട് കെട്ടിയ ശേഷം ഒരു പണിയും ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ അരികുകൾ കെട്ടാനായി കരിങ്കല്ല് ഇവിടെ നിന്നു തന്നെ ശേഖരിച്ചതിനാൽ ലക്ഷങ്ങളുടെ ലാഭവും കോൺട്രാക്റ്റർക്കുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
അതേസമയം ഇവിടെ പണി ചെയ്ത തദ്ദേശീയരായ നിരവധി തൊഴിലാളികൾക്ക് കരാറുകാരൻ പണം നൽകാനുണ്ടത്രേ. ഒന്പത് മാസമായി പണി മുടങ്ങിയിട്ട്. പണം കിട്ടാനുള്ളവർ വിളിച്ചാൽ ഫോൺ എടുക്കാൻ പോലും കരാറുകാരൻ തയ്യാറാവുന്നില്ലെന്ന് അവർ പരാതിപ്പെട്ടു.
പന്നിയേരി കുറ്റല്ലൂർ എന്നിവിടങ്ങളിൽ സാംസ്കാരിക നിലയങ്ങളുടെ പണിയും ആരംഭിച്ചിട്ടുണ്ട്. എന്നാൽ വായാട് കോളനിയിലെ ഒരു പണിയും ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് വിവരം.പട്ടികവർഗ വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുറ്റല്ലൂർ 1.8 കോടി, വായാട് 1.75 കോടി, പന്നിയേരി 1.6, കോടി, മാടാഞ്ചേരി 1.4 കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ നാലു കോടി രൂപയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ കരാറുകാരൻ പിൻവലിച്ചത്. പണി ചെയ്യാതെ പണം നൽകിയത് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് കോളനിക്കാർക്കിടയിൽ സംസാരമുണ്ട്.
കോളനികളിൽ കുടിവെള്ളമെത്തിക്കാൻ പദ്ധതികളുണ്ടായിട്ടും കഴിഞ്ഞ വേനൽക്കാലത്ത് കോളനിക്കാർ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ തിരിഞ്ഞു നോക്കാത്ത അധികൃതർ കരാറുകാർക്ക് ഒത്താശ ചെയ്യുകയാണെന്നും അവർ ആരോപിച്ചു.
ആദിവാസി കോളനികളുടെ വികസനത്തിന് നടപ്പിലാക്കിയ സമഗ്ര പദ്ധതി കരാറുകാരന്റെയും മറ്റ് ചിലരുടെയും കീശ വീർപ്പിക്കാൻ മാത്രമാണത്രെ. പണി ചെയ്യാതെ കോടികൾ ഇതിനോടകം അടിച്ച് മാറ്റിയിട്ടും അധികൃതർ കാണിക്കുന്ന മൗനം വിവാദങ്ങൾക്കിടയാക്കുന്നുണ്ട്.