ചാരുംമൂട്: നൂറനാട് മുതുകാട്ടുകര പാറപ്പുറത്ത് പരേതനായ രാജന്റെ ഭാര്യ വിലാസിനി ( 62 ) യുടെ മരണം തലക്കു പിന്നിലേറ്റ ക്ഷതമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഇതേ തുടർന്ന് നൂറനാട് എരുമക്കുഴി ബിജു ഭവനത്തിൽ ബിജു (39) മോനെ ഇളമണ്ണൂരിലുള്ള ബന്ധുവീട്ടിൽ നിന്നും നൂറനാട് സിഐ.വി.ആർ.ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പിടിച്ചു മാറ്റാൻ എത്തിയ വിലാസിനിയെ
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ:- വിലാസിനിയുടെ ഇളയ മകൻ സജീവ് ബിസിനസ് ആവശ്യത്തിനു വേണ്ടി ബിജു മോന്റെ പക്കൽ നിന്നും പണം കടമായി വാങ്ങിയിരുന്നു.
ഇത് പല പ്രാവശ്യം തിരിച്ചവാശ്യപ്പെട്ടെങ്കിലും കച്ചവടം കുറവായതിനാൽ മടക്കി നൽകാൻ കഴിഞ്ഞില്ല .
ഇതേ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തു മണിക്ക് പണം ആവശ്യപ്പെട്ട് ബിജു സജീവിന്റെ വീട്ടിലെത്തി.
സജീവുമായി സംസാരിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടാകുകയും സജീവിനെ മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഇരുവരേയും പിടിച്ചു മാറ്റാൻ എത്തിയ വിലാസിനിയെ ബിജു പിടിച്ചു തള്ളിയതായും ശക്തമായ തള്ളലിൽ നിലത്ത് തല ഇടിച്ചു വീണ വീട്ടമ്മക്ക് ബോധം നഷ്ടപ്പെട്ടതായും പറയുന്നു.
ഉടൻ തന്നെ സമീപത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.
ഒളിവിൽ നിന്ന്…
സംഭവം നടന്നയുടൻ പോലീസിനെ വിവരമറിയിച്ചെങ്കിലും സ്ഥലത്തെത്തിയ പോലീസിനു ബിജുവിനെ പിടികൂടാൻ കഴിഞ്ഞില്ല.
ഒളിവിലായിരുന്ന ഇയാൾ ബന്ധുവീട്ടിൽ ഉണ്ടന്ന വിവരത്തെത്തുടർന്ന് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. മന: പൂർവ്വമല്ലാത്ത നരഹത്യക്കാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തത്.