ജിജി ലൂക്കോസ്
തിരുവനന്തപുരം: വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന മറുപടികൾക്കൊപ്പമുള്ള അനുബന്ധ രേഖകൾക്കുള്ള ഫീസ് സംസ്ഥാന സർക്കാർ വർധിപ്പിച്ചു.
എഫോർ സൈസിലുള്ള പേജുകൾക്ക് മൂന്ന് രൂപയും സിഡി, ഫ്ലോപ്പി ഡിസ്ക് അടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 75 രൂപയായുമാണ് വർധിപ്പിച്ചത്. ഇത് സംബന്ധിച്ച അസാധാരണ വിജ്ഞാപനം സർക്കാർ തിങ്കളാഴ്ച പുറത്തിറക്കി.
എഫോർ സൈസിലുള്ള പേജ് ഒന്നിനു രണ്ട് രൂപയും സിഡി, ഫ്ലോപ്പി ഡിസ്ക് അടക്കമുള്ള മാധ്യമങ്ങൾക്ക് 50 രൂപയുമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.
ഇതാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം നൽകുന്ന മറുപടികൾക്കൊപ്പമുള്ള അനുബന്ധ രേഖകൾക്ക് അമിത ഫീസ് ഈടാക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അനുബന്ധ രേഖകൾക്ക് ഈടാക്കുന്ന ഫീസ് നിരക്ക് സർക്കാർ ഓഫീസുകളിൽ പ്രദർശിപ്പിക്കണമെന്നു വിവരാവകാശ കമ്മീഷൻ നിർദേശിക്കുകയും ചെയ്തിരുന്നു.