കാട്ടാക്കട : കഴിഞ്ഞ ദിവസവും രണ്ടു വെടിയുണ്ടകൾ കൂടി കണ്ടെത്തിയതോടെ ആശങ്കയിലായിലായിരിക്കുകയാണ് വിളവൂർക്കൽ മലയം പൊറ്റയിൽ ഗ്രാമം. മുക്കൂന്നിമലയിൽ കരസേനയുടെ ഫയറിങ് പിറ്റിൽ പോലീസിന്റെ വെടിവയ്പ് പരിശീലനം നടന്നതിന് പിന്നാലെ വിളവൂർക്കലിൽ വീടുകളിൽ പതിച്ച നിലയിൽ കണ്ടെത്തിയ വെടിയുണ്ടകളുടെ എണ്ണം നാലായി.
ഇന്നലെയും രണ്ട് വീടുകളിൽ വെടിയുണ്ട കണ്ടെത്തി. നേരത്തെ വെടിയുണ്ട മേൽക്കൂരയുടെ ഷീറ്റ് തുളച്ച് കയറിയ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഇന്നലെ വെടിയുണ്ട കണ്ടെത്തിയ വീടുകൾ. വിളവൂർക്കൽ കൊച്ചു പൊറ്റയിൽ എസ്.ഷിബുവിന്റെ വീടിന്റെ വരാന്തയിലെ പടിയിൽ നിന്നാണ് ഒരു വെടിയുണ്ട കിട്ടിയത്.
സമീപത്തെ മണികണ്ഠന്റെ വീട്ടുപരിസരത്തു നിന്നാണ് മറ്റൊന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വിളവൂർക്കൽ പൊറ്റയിൽ കാവടിവിള ഭാഗത്തു നിന്നു ലഭിച്ചതിനു സമാനമായി എകെ 47 തോക്കുകളിൽ ഉപയോഗിക്കുന്ന 7.62 എംഎം വലുപ്പമുള്ള വെടിയുണ്ടകളാണു ഇവയെന്നു പോലീസ് സ്ഥിരീകരിച്ചു. സംഭവം വിവാദമായതോടെ രണ്ടാം ദിവസത്തെ പരിശീലനം സംഘം ഉപേക്ഷിച്ചു.
ഫയറിങ് സ്റ്റേഷനിൽ വ്യാഴാഴ്ച റൂറൽ പോലീസ് സ്റ്റേഷനുകളിലെ അഞ്ഞൂറോളം മുതിർന്ന ഉദ്യോഗസ്ഥരുടെ പരിശീലനമാണ് നടന്നത്. എകെ 47 ഉൾപ്പെടെയുള്ള തോക്കുകളാണ് ഇവർ ഉപയോഗിച്ചത്. ഇവിടെ നിന്നും ഒന്നര, രണ്ട് കിലോമീറ്റർ ആകാശദൂരം അകലെയാണ് വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലങ്ങൾ.
വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ.ആനന്ദും കുടുംബവും വാടകയ്ക്കു താമസിക്കുന്ന വീട്ടിലാണ് വ്യാഴാഴ്ച വെടിയുണ്ട കണ്ടെത്തിയത്. മേൽക്കൂരയിലെ ഷീറ്റ് തുളച്ചു കയറിയ വെടിയുണ്ട ഹാളിലെ സോഫയിലാണ് കിടന്നത്. ഇതിനു സമീപം പൊറ്റയിൽ വി.സജുവിന് വീടിന്റെ മുന്നിലെ റോഡരികിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ മറ്റൊരു വെടിയുണ്ട കിട്ടിയത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് മലയിൻകീഴ് പൊലീസ് കോടതിക്കു കൈമാറി. വെടിയുണ്ടകൾ ഫോറൻസിക് പരിശോധനയ്ക്കു അയയ്ക്കുന്നതിനുള്ള നടപടികളും തുടരുകയാണ്.മൂക്കുന്നിമല കരസേനയുടെ ഫയറിങ് സ്റ്റേഷനിൽ നിന്നും വെടിയുണ്ടകൾ തുടർച്ചയായി പതിക്കുന്നതിൽ വിളവൂർക്കൽ പഞ്ചായത്തിലെ മലയം, പൊറ്റയിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
ഫയറിങ് സ്റ്റേഷനിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് ആകാശ ദൂരം രണ്ട് കിലോമീറ്ററോളം മാത്രമാണ്. പൊലീസും കേന്ദ്രസേനയും പരിശോധന നടത്തി പോകുന്നതല്ലാതെ ശാശ്വത പരിഹാരം കാണുന്നില്ലെന്നു പരാതിയുണ്ട്. അതിനിടെ ജനവാസമുള്ള ഇവിടെ വെടിപരീശീലന പരിപാടി നിറുത്തി വയ്ക്കാൻ ആലോചനയുണ്ട്. തീരുമാനം ഉടൻ ഉണ്ടാകും.