ചെന്നൈ: എല്ലാരും വാങ്കേ…..’, ‘മംഗളകരമാ… മഞ്ചളിലെ ആരംഭിക്കിറേ’ തമിഴ് ഈണത്തിലുള്ള ഈ ഇൻട്രോ ആരും മറക്കാൻ സാധ്യതയില്ല. വില്ലേജ് കുക്കിംഗ്’ എന്ന തമിഴ്നാട്ടിൽ നിന്നുള്ള വ്ളോഗേഴ്സിന്റെ ഇൻട്രോ ഇതിനോടകം വൻ ഹിറ്റാണ്.
എന്നാൽ വെള്ളിയാഴ്ച ചാനൽ അപ്ലോഡ് ചെയ്ത വീഡിയോയാണ് അതിലേറെ ഹിറ്റായിരിക്കുന്നത്. വ്ളോഗര്‍മാര്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്ത് കഴിക്കാനെത്തിയിരിക്കുന്നത് വേറാരുമല്ല കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ്.
നിലത്ത് ചമ്രം പടഞ്ഞിരുന്ന് ഇലയില്‍ സംഘം തയാറാക്കിയ കൂണ് ബിരിയാണിയാണ് രാഹുൽ കഴിച്ചത്. രാഹുല്‍ സവാളയും തൈരും ചേര്‍ത്ത് സാലഡ് തയാറാക്കുകയും ചെയ്തു. ഭക്ഷണശേഷം രാഹുൽ “നല്ലയിറുക്ക്’ എന്ന് തമിഴിൽ അഭിപ്രായം പറയുകയും ചെയ്തു.
തമിഴ്നാട്ടിലെ കുഞ്ഞുഗ്രാമത്തിലെ പാചകവും ഗ്രാമീണ ഭംഗിയും യൂട്യൂബിലൂടെ ലോകമെമ്പാടും പ്രചരിച്ചാണ് വില്ലേജ് കുക്കിംഗ് ഹിറ്റായത്. ഒരു ക്ലിക്കിലൂടെ മുന്നിൽ വന്നുചിരിച്ച് തമിഴ് മാത്രം സംസാരിക്കുന്ന, അതും വെറും ചുരുങ്ങിയ വാക്കുകൾ മാത്രം പറയുന്ന ഈ ആറംഗ സംഘം സകലർക്കും സുപരിചിതരാണ്.