മുക്കം:വില്ലേജ് ഓഫീസ് അടച്ചിട്ടത് ജനത്തിന് ദുരിതമായി. കാരശേരി പഞ്ചായത്തിലെ കാരമൂല കുമാരനെല്ലൂര്‍ വില്ലേജ് ഓഫീസാണ് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം അടച്ചിട്ടത്. പരാതിയെ തുടര്‍ന്ന് ഇവിടത്തെ വില്ലേജ് ഓഫീസറെ കഴിഞ്ഞ മാസം എട്ടിന് സ്ഥലം മാറ്റിയിരുന്നു.
ഇതിന് പകരം ആളെ നിയമിച്ചിട്ടില്ല. വില്ലേജ് ഓഫിസിന്റെ ചുമതലയുള്ള സ്പെഷല്‍ വില്ലേജ് ഓഫീസര്‍ താലൂക്ക് ഓഫീസില്‍ യോഗത്തില്‍ പങ്കെടുക്കാനും മറ്റൊരു ജീവനക്കാരന് ബന്ധുവിന്റെ മരണ ചടങ്ങില്‍ പങ്കെടുക്കാനും പോയി. വില്ലേജ് ഓഫിസര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താലൂക്ക് ഓഫിസില്‍ പോയതാണെന്നും ജീവനക്കാര്‍ പുറത്താണെന്നും കാണിച്ചും ഫോണ്‍ നമ്പറും ഉള്‍പ്പെടെ വാതിലില്‍ എഴുതി ഒട്ടിച്ചാണ് ഓഫീസ് അടച്ചത്.
കരം അടയ്ക്കുന്നതിനും ഭൂ രേഖ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനും, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായും എത്തിയ വയോധികര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഓഫീസ് അടച്ചതിനാല്‍ തിരിച്ചു പോയത്. ഓഫിസിലെത്തിയ ചിലര്‍ വാതിലില്‍ തൂക്കിയ നമ്പറില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മൂന്നരയോടെ ക്ലാസ് ഫോര്‍ ജീവനക്കാരിയെത്തി ഓഫീസ് തുറന്നെങ്കിലും പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല.