കോഴിക്കോട്: ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ നവീകരിക്കാന്‍ ജില്ലാ ഭരണസംവിധാനം സമഗ്ര പദ്ധതി ആവിഷ്കരിക്കുന്നു. എന്‍ജിനിയര്‍മാരുടെ സംഘടനയായ ലെന്‍സ്ഫെഡിന്റെ സഹായത്തോടെ ഇതിന് എസ്റ്റിമേറ്റ് തയാറാക്കും.118 വില്ലേജ് ഓഫീസുകളാണ് ജില്ലയിലുള്ളത്.
ഇതില്‍ ഭൂരിപക്ഷം ഓഫീസുകളും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വീര്‍പ്പുമുട്ടുകയാണെന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഇന്നലെ കോഴിക്കോട് കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ അറിയിച്ചു. ഓഫീസുകള്‍ക്കാവശ്യമായ സ്ഥലം കണ്ടെത്തിയാല്‍ കെട്ടിട നിര്‍മാണത്തിന് 50 ലക്ഷം രൂപവരെ സര്‍ക്കാരില്‍നിന്ന് ലഭ്യമാവും.
ജീവനക്കാരുടെ കുറവ് പരിഹരിക്കാനും നടപടി ഉണ്ടാവും. ഡാറ്റാ എന്‍ട്രിക്കായി ജീവനക്കാരെ എടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ അനുമതിതേടും. കൂടുതല്‍ കാലം ഒരിടത്തുതന്നെ ജോലിയില്‍ തുടരുന്ന വില്ലേജ് ഓഫീസര്‍മാരെ മാറ്റുന്ന കാര്യം ആലോചിക്കും. വില്ലേജ് ഓഫീസുകളിലെ ജോലിയില്‍ മറ്റ് ജീവനക്കാര്‍ക്കും ഉത്തരവാദിത്തം നല്‍കുന്നതിനായി ഓഫീസ് ഓര്‍ഡര്‍ ഇറക്കും. അപേക്ഷകരുടെ തിരക്കുകാരണം ഓഫീസ് ജോലികള്‍ ചെയ്തുതീര്ക്കാന് സാധിക്കാത്ത സാഹചര്യമുണ്ട്.
ഇതിന് പരിഹാരം കാണാന്‍ ആഴ്ചയില്‍ ഒരുദിവസം പൊതുജനങ്ങള്‍ക്ക് സന്ദര്ശനമില്ലാത്ത ദിവസമായി നിശ്ചയിക്കാനും ആലോചിക്കുന്നുണ്ട്. മണല്‍ക്കടത്ത്, പാറ, ചെമ്മണ്ണ് ഖനനം എന്നിവക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശംനല്‍കി.പുഴ, തോട് എന്നിവയുടെ കൈയേറ്റത്തിനെതിരേയും ഗൗരവ ശ്രദ്ധ പുലര്‍ത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.