തിരുവില്വാമല: കണിയാർക്കോട് വില്ലേജ് ഓഫീസിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം വരുന്നതിൽ സഹികെട്ട നാട്ടുകാർ വില്ലേജ് ഓഫീസ് അടയ്ക്കാൻ അനുവദിക്കാതെ വില്ലേജ് ഓഫീസറെ തടഞ്ഞുവച്ചു. ഇന്നലെ വൈകുന്നേരം വില്ലേജ് ഓഫീസ് അടയ്ക്കാൻ നേരത്താണു സംഭവം.
ഈ സമയം വിദ്യാർഥി- വിദ്യാർഥിനികളടക്കം 20-ഓളം പേർ വിവിധ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസർ ഇരിക്കുന്ന മുറിയുടെ ജനലരികിൽ നിന്നിരുന്നു. വൈകുന്നേരം ഓഫീസ് അടയ്ക്കാറായപ്പോൾ വെള്ളിയാഴ്ച കോടതി ഡ്യൂട്ടിയായതിനാൽ കാത്തുനിന്നവരോടു തിങ്കളാഴ്ച വരാൻ ആവശ്യപ്പെട്ടു.
ഇതോടെ ആളുകൾ ബഹളം വച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ എം. ഉദയന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും സമീപത്തെ ഓട്ടോസ്റ്റാൻഡിലെ തൊഴിലാളികളും ചേർന്നു വില്ലേജ് ഓഫീസ് അടയ്ക്കാൻ അനുവദിക്കാതെ പ്രതിഷേധിച്ചു.
ഡിഗ്രി, പ്ലസ് വൺ ക്ലാസുകളിലേക്ക് അഡ്മിഷൻ അടുത്ത ദിവസങ്ങളിൽ അവസാനിക്കാനിരിക്കെ നിരവധി വിദ്യാർഥികളാണു വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാതെ ബുദ്ധിമുട്ടിലായത്. ഒടുവിൽ തഹസിൽദാരുമായി സംസാരിച്ച് തിരുവില്വാമല വില്ലേജ് ഓഫീസർക്കു ചാർജ് നൽകാൻ തീരുമാനിച്ചതിനെ തുടർന്നാണു പ്രതിഷേധക്കാർ പിരിഞ്ഞു പോയത്.
കണിയാർക്കോട് വില്ലേജ് ഓഫീസർ ഓഫീസിൽ വരുന്നവരോടു വിവിധ രേഖകൾ ആവശ്യപ്പെട്ട് അനാവശ്യമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു. ു