കൂത്തുപറമ്പ്: വിവിധ ആവശ്യങ്ങൾക്കായി പടുവിലായി വില്ലേജ് ഓഫീസിലെത്തുന്നവർ കാര്യം നേടി തിരിച്ചു പോകണമെങ്കിൽ ബന്ധപ്പെട്ട രേഖകൾ മാത്രം കൈയിൽ കരുതിയാൽ പോര. ഓഫീസിലേക്കുള്ള കുത്തനെയുള്ള ഏണിപ്പടി എങ്ങിനെ കയറാമെന്നതിനെക്കുറിച്ചുള്ള പരിശീലനം കൂടി നേടിയിരിക്കണം. ഇവിടെയെത്തുന്ന വയോജനങ്ങളും ശാരീരിക ബുദ്ധിമുട്ടുള്ളവരും ഓഫീസിലേക്ക് കയറാൻ അനുഭവിക്കുന്ന ദുരിതം ചെറുതൊന്നുമല്ല.കുത്തനെയുള്ള ഈ ഗോവണി കയറി വേണം ഓഫീസിലെത്താൻ.
സ്വന്തമായുണ്ടായിരുന്ന കോൺക്രീറ്റ് കെട്ടിടം കാലപ്പഴക്കത്താൽ ഏതു നിമിഷവും തകർന്നു വീഴാറായ നിലയിലായതിനൊപ്പം മഴക്കാലത്ത് ചോർന്നൊലിച്ച് ജീവനക്കാർക്ക് ഇരിക്കാനോ ഫയലുകൾ സൂക്ഷിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. നിവൃത്തിയുമില്ലാതായതോടെയാണ് ഏതാനും മാസം മുമ്പ് വില്ലേജ് ഓഫീസ് തൊട്ടടുത്ത് തന്നെയുള്ള ഈ വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മാറിയത്.
അന്നു മുതൽ തുടങ്ങിയതാണ് ഇവിടെയെത്തുന്നവരുടെ ഈ സാഹസം. ജില്ലയിലെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളും അംഗ പരിമിത സൗഹൃദമാക്കിയിരിക്കുമ്പോഴാണ് പടുവിലായി വില്ലേജ് ഓഫീസിന്റെ ഈ ദുരവസ്ഥ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലേക്കുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട നികുതി രസീതിനുൾപ്പെടെ എത്തിയവരുടെ വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ അനുഭവപ്പെട്ടത് .
ഈ സമയത്ത് ഗോവണി കാരണം അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ജീവനക്കാർ ഏറെ ജാഗ്രത പുലർത്തിയിരുന്നു. വില്ലേജ് ഓഫീസർ അടക്കമുള്ളവരുടെ സുമനസും സഹകരണവും കൊണ്ട് മാത്രമാണ് ഇതുവരെ അപകടങ്ങൾ ഒന്നും സംഭവിക്കാതിരുന്നത്.ഗോവണി കയറാൻ ബുദ്ധിമുട്ടുന്നവരുടെ ആവശ്യങ്ങൾ വില്ലേജ് ഓഫീസറോ ജീവനക്കാരോ താഴെ ഇറങ്ങി നിറവേറ്റികൊടുക്കും.
എന്നാൽ തിരക്കേറിയ സമയങ്ങളിൽ ജീവനക്കാർക്ക് ഇതിന് സാധിക്കില്ല.കെട്ടിടം നിർമ്മിക്കാനായി 44 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. കെട്ടിട നിർമ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കി കഴിഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ നിർമ്മാണം എപ്പോൾ ആരംഭിക്കുമെന്നത് അവ്യക്തമാണ്. നിർമാണം ആരംഭിക്കാനുള്ള നടപടികൾ എത് ഘട്ടത്തിലെങ്കിലുമാവട്ടെ. ഈ ഗോവണിയിൽ നിന്നും ആരെങ്കിലും വീണ് പരിക്കേൽക്കുന്നത് വരെ പുതിയ കെട്ടിട നിർമാണം ആരംഭിക്കുന്നത് നീട്ടികൊണ്ടു പോകരുതെന്ന അപേക്ഷ മാത്രമാണ് ഇവിടെ എത്തുന്നവർക്കുള്ളത്.