മംഗലംഡാം: സംസ്ഥാനത്ത് ആദ്യമായി ടെലിഫോണ് സൗകര്യത്തോട തുടങ്ങിയ മംഗലംഡാം വില്ലേജ് ഓഫീസ് സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്നു.
മംഗലംഡാം പൊൻകണ്ടം റോഡിൽ ഡാം പള്ളിക്കുസമീപം കുത്തനെയുള്ള കയറ്റത്തിൽ 35 വർഷം മുന്പ് നിർമിച്ച കുടുസു മുറിയിലാണ് ഇപ്പോഴും വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്.
കയറ്റത്തിലായതിനാൽ പ്രായമായവർക്കും മറ്റും വില്ലേജ് ഓഫീസിലെത്താൻ വലിയ പ്രയാസമാണ്. ജീർണിച്ച കെട്ടിടത്തിന് ഇപ്പോൾ ചോർച്ചയുമുണ്ട്. നല്ലൊരു കാറ്റും മഴയും വന്നാൽ ഓഫീസിനകം മുഴുവൻ വെള്ളമാകും.
വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തുന്നവർക്ക് നില്ക്കാൻപോലും സ്ഥലമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. വണ്ടാഴി പഞ്ചായത്തിലെ മലയോരമേഖല ഉൾപ്പടെ 12, 13, 14 വാർഡുകൾ മുഴുവനും പതിനൊന്നാം വാർഡിന്റെ പകുതിയിലധികം ഭാഗങ്ങളും മംഗലംഡാം വില്ലേജ് പരിധിയിലാണ്.
വില്ലേജ് ഓഫീസ് സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശത്തിന് ഏറെനാളത്തെ പഴക്കമുണ്ടെങ്കിലും നടപടികൾക്കു വേഗതയുണ്ടാകുന്നില്ല. സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി മംഗലംഡാം വില്ലേജ് ഓഫീസ് കെട്ടിടത്തിന് 44 ലക്ഷം രൂപ അനുവദിച്ചിരുന്നു.
പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്ന നിർമിതിയുടെ പ്രതിനിധികൾ ഓഫീസ് നില്ക്കുന്ന സ്ഥലത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് പണിയാനുള്ള സൗകര്യമില്ലെന്നാണ് കണ്ടെത്തിയത്.
സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയാലേ പദ്ധതി നടപ്പിലാകുകയുള്ളൂ. രണ്ടുവർഷംമുന്പ് മംഗലംഡാം ടൗണിനോട് ചേർന്ന് ഉദ്യാനകവാടത്തിന് സമീപത്തായി ഇറിഗേഷന്റെ അധീനതയിലുള്ള സ്ഥലംവിട്ടു കിട്ടുന്നതിനു ആവശ്യപ്പെട്ടിരുന്നു.
നിലവിലെ സാഹചര്യത്തിൽ വീണ്ടും ഈ ആവശ്യവുമായി ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിനോട് ശിപാർശ ചെയ്തിട്ടുള്ളതായി റവന്യൂ അധികൃതർ അറിയിച്ചു.
ടൗണിനോട് ചേർന്നുള്ള സ്ഥലത്തേക്ക് വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നത് ജനങ്ങൾക്കും ഏറെ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ.