മുക്കം: മലയോര മേഖലയിലെ വില്ലേജ് ഓഫീസുകളിൾ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ദുരിതമാവുന്നു . അഞ്ച് ജീവനക്കാരുടെ തസ്തികയുള്ള ഓഫീസുകളിൽ രണ്ടും മൂന്നും പേരാണുള്ളത്. ഇതു മൂലം വിവിധ ആവശ്യങ്ങളുമായെത്തുന്നവർ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. ജീവനക്കാരും അപേക്ഷകരും തമ്മിൽ വാക്കേറ്റത്തിനും കാരണമാകുന്നു.
കക്കാട് വില്ലേജ് ഓഫീസിൽ വില്ലേജ് ഓഫീസറടക്കം രണ്ടു പേരാണുള്ളത്. സ്ഥലം മാറിപ്പോയതിനും സർവ്വീസിൽ നിന്നു വിരമിച്ചതിനും പകരക്കാരെത്തിയിട്ടില്ല. കുമാരനെല്ലൂർ വില്ലേജ്, കൊടിയത്തൂർ വില്ലേജ് എന്നിവിടങ്ങളിലെല്ലാം തസ്തികകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ്. ഒന്നും രണ്ടും ജീവനക്കാരുള്ള ഓഫീസുകളിൽ ഇവരുടെ ബുദ്ധിമുട്ടും ചില്ലറയല്ല. അത്യാവശ്യത്തിനു പോലും അവധിയെടുക്കാൻ പറ്റാത്ത അവസ്ഥയാണ്. രാപ്പകൽ ഇരുന്നെങ്കിലേ പണി പൂർത്തിയാകൂ.
ഫീൽഡിൽ രണ്ടു പേർ പോകേണ്ടിടത്ത് ഒരാൾ പോകേണ്ടിവരുന്നു. അല്ലെങ്കിൽ ഓഫീസ് അടച്ചിടേണ്ടി വരും. 1972 ലെ കണക്കനുസരിച്ചുള്ള ജീവനക്കാരാണ് ഇന്നും തുടരുന്നത്. ഇതനുസരിച്ച് വില്ലേജ് ഓഫീസർ ഉൾപ്പെടെ അഞ്ചുപേരാണുണ്ടാവുക. അര നൂറ്റാണ്ടിനിടെ ജനസംഖ്യയിൽ വലിയ മാറ്റമുണ്ടായി. പക്ഷേ അതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂടിയില്ല.
വില്ലേജ് ഓഫീസ് മുഖേന ലഭിക്കേണ്ട സർവ്വീസുകൾ പലതും ഓൺലൈൻ ആയത് ആവശ്യക്കാർക്കും ജീവനക്കാർക്കും ആശ്വാസം തന്നെ. എങ്കിലും ഓഫീസിൽ നേരിട്ടു വന്ന് നിർവ്വഹിക്കേണ്ടതും ധാരാളമുണ്ട്. പെട്ടെന്നു ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കും ഓഫീസിൽ ആളുണ്ടാകൽ നിർബന്ധം. നിലവിലുള്ള അഞ്ചു പേർ ഉണ്ടായെങ്കിലേ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം സുഗമമായി നടക്കൂ.ു