മണിമല: മണിമല പാലത്തിൽ നിന്ന് ആറ്റിലേക്കു ചാടി കാണാതായ വില്ലേജ് ഓഫീസർക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നു രാവിലെ മുതൽ പുനരാരംഭിച്ചു.
പത്തനാട് ഇടയപ്പാറ കങ്ങഴ കലാലയത്തിൽ എൻ. പ്രകാശാ(52)ണ് ആറ്റിലേക്കു ചാടി കാണാതായത്. കാഞ്ഞിരപ്പള്ളി, പാന്പാടി ഫയർഫോഴ്സ് യൂണിറ്റുകളാണ് ഇന്നു രാവിലെ മുതൽ തെരച്ചിൽ പുനരാരംഭിച്ചത്.
ചങ്ങനാശേരി താലൂക്കിലെ സ്പെഷൽ വില്ലേജ് ഓഫീസറായ ഇദ്ദേഹം ബാഗും ചെരുപ്പും പാലത്തിനുസമീപം വച്ചതിനുശേഷമാണു ഇന്നലെ രാവിലെ 10.30ന് ആറ്റിലേക്കു ചാടിയത്.
ബാഗിൽ നിന്ന് ഐഡി കാർഡ് കിട്ടിയതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ഇദ്ദേഹം ആറ്റിലേക്ക് ചാടുന്നത് കണ്ട് ഇതരസംസ്ഥാനത്തൊഴിലാളിയായ യാനിസ് പുഴയിലേക്കു ചാടിയെങ്കിലും രക്ഷിക്കാനായില്ല.
കൈയിൽ പിടിത്തം കിട്ടിയെങ്കിലും ശക്തമായ ഒഴുക്കിൽ കൈ വിട്ടുപോകുകയായിരുന്നുവെന്ന് യാനിസ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മഴയെ തുടർന്ന് ആറ്റിൽ ശക്തമായ അടിയൊഴിക്കുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ഓഫീസിലേക്കു പോകുകയാണെന്നു പറഞ്ഞാണ് പ്രകാശ് വീട്ടിൽനിന്ന് ഇറങ്ങിയത്. കുടുംബത്തിലും ഓഫീസിലും അന്വേഷിച്ചപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് ബന്ധുക്കളും ഓഫീസിലെ ജീവനക്കാരും പറഞ്ഞുവെന്നു മണിമല പോലീസ് പറഞ്ഞു.