തൃശൂർ: പുത്തൂർ വില്ലേജ് ഓഫീസർ കൈഞരന്പു മുറിച്ച് ആത്മഹത്യാശ്രമം നടത്തിയ വിവാദം ആളിക്കത്തുന്നതിനിടെ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ വില്ലേജ് ഓഫീസർക്കെതിരെ പരാതികളുമായി രംഗത്ത്.
വില്ലേജ് ഓഫീസർ തന്നെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പോലീസിനും മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിക്കും വനിതാകമ്മീഷൻ, പട്ടികജാതി കമ്മീഷൻ എന്നിവർക്കും പ്രസിഡന്റ് പരാതി ഇ-മെയിൽ ആയി അയച്ചു.
പുത്തൂർ വില്ലേജ് ഓഫീസിൽ നടന്ന യഥാർഥ വിവരം അന്വേഷിച്ച് നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷിക്കുന്നതിന് പുത്തൂർ വില്ലേജ് ഓഫീസിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ലെന്ന പരാതി സംബന്ധിച്ച് അറിയാനാണ് താൻ
പഞ്ചായത്ത് മെംബർമാർക്കൊപ്പം വില്ലേജ് ഓഫീസിലെത്തിയതെന്നും വിവരം പറഞ്ഞപ്പോൾ കോവിഡ് ടെസ്റ്റ് കഴിഞ്ഞെത്തിയ വില്ലേജ് ഓഫീസർ തങ്ങളെ ആക്ഷേപിക്കുകയും ധാർഷ്ട്യത്തോടെ പെരുമാറുകയുമാണുണ്ടായതെന്നും മിനി ഉണ്ണികൃഷ്ണൻ പരാതിയിൽ പറയുന്നു.
തന്നെ ജാതിപ്പേരു വിളിച്ച് അപമാനിക്കുകയും സംവരണത്തിലൂടെ പ്രസിഡന്റായ നിങ്ങൾ വില്ലേജ് ഓഫീസിലെ കാര്യങ്ങളിൽ കൂടുതൽ ഇടപെടേണ്ട എന്ന് വില്ലേജ് ഓഫീസർ എല്ലാവരും കേൾക്കെ വിളിച്ചുപറഞ്ഞതായും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.
വില്ലേജ് ഓഫീസർക്കൊപ്പമുണ്ടായിരുന്ന യുവാവ് തങ്ങളെ അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിച്ചതായും പുത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിൽ പറയുന്നു.