സ്വന്തം ലേഖകൻ
തൃശൂർ: പല വിധത്തിലുള്ള അപേക്ഷകളുമായി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുന്ന ജനങ്ങളോട് ഓഫീസ് ജീവനക്കാർ അങ്ങോട്ടു സമർപിക്കുന്ന ഒരു അപേക്ഷയുണ്ട് – പണിക്ക് യാതൊരു കുറവുമില്ല, കോവിഡ് കാരണം അന്പതു ശതമാനം ജീവനക്കാരേ ഓഫീസുകളിലുള്ളു, അതുകൊണ്ട് ദയവു ചെയ്ത് “പണി’ തരരുത്…….
ജോലി സമർദ്ദം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്ന സർക്കാർ ജോലിക്കാരായി വില്ലേജ് ഓഫീസുകളിലെ ജീവനക്കാർ മാറിയെന്ന് ഓഫീസുകളിലുളളവർ പറയുന്നു.
ജനം ഇത് മനസിലാക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്നമെന്നും കോവിഡ് മൂലം പല വില്ലേജ് ഓഫീസുകളിലും അന്പതു ശതമാനം ജീവനക്കാർ മാത്രമേയുള്ളുവെന്ന കാര്യം ആരുമറിയുന്നില്ലെന്നും ജീവനക്കാർ ഓർമിപ്പിക്കുന്നു.
അന്പതുശതമാനം ജീവനക്കാർ മാത്രമാകുന്പോൾ വില്ലേജ് ഓഫീസുകളിലെ എല്ലാ പണികളും പൂർത്തിയാകാതെ അവശേഷിക്കും. അത്തരത്തിൽ നിരവധി ഫയലുകളാണ് ഇപ്പോൾ വില്ലേജ് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.
പട്ടയത്തിന്റെ കാര്യങ്ങൾ നോക്കാൻ ജില്ലയിലെ വില്ലേജ് ഓഫീസിലെ ജീവനക്കാർക്ക് അധിക ഡ്യൂട്ടി കൊടുത്തത് വ്യാപക പ്രതിഷേധത്തിന് നേരത്തെ തന്നെ ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെ കോവിഡ് ഡ്യൂട്ടിയും അതിനു ശേഷമിപ്പോൾ പ്രളയത്തിന്റെ മുന്നൊരുക്കങ്ങളും അനുബന്ധ കാര്യങ്ങളും വില്ലേജ് ഓഫീസിലെ ജീവനക്കാർക്കാണ്.
ഇതിനിടെയാണ് ലൈഫ് പദ്ധതി രേഖ വിതരണവും അപേക്ഷ സ്വീകരിക്കലുമൊക്കെ ചെയ്യേണ്ടത്. കടുത്ത മാനസിക സംഘർഷത്തിലാണ് വില്ലേജ് ഓഫീസുകളിലെ ജീവനക്കാർ ജോലി ചെയ്യുന്നതെന്നും പൊതുജനങ്ങൾ അവരുടെ കാര്യങ്ങൾ നടക്കാതെ വരുന്പോൾ ജീവനക്കാരോട് തട്ടിക്കയറുന്നതും കേട്ടാലറയ്ക്കുന്ന തെറിവിളിക്കുന്നതും പതിവാണെന്നും ജീവനക്കാരുടെ സംഘടനാ നേതാക്കൾ തന്നെ സമ്മതിക്കുന്നു.
പൊതുജനങ്ങൾക്ക് അവരുടെ കാര്യങ്ങൾ സുഗമമായി മുന്നോട്ടു നീങ്ങണമെന്നതിനാൽ അവർ അതിന് തടസമുണ്ടാകുന്പോൾ ദേഷ്യപ്പെടും. സ്വാഭാവികമാണത്. എന്നാൽ ഞങ്ങളുടെ മാനസികാവസ്ഥയൊന്ന് മനസിലാക്കണം. വൻതുക ശന്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർ അലസമനോഭാവത്തിൽ കഴിയുകയാണെന്നാണ് ജനങ്ങളുടെ ചിന്ത.
ഇത് മാറണം. പൊതുജനങ്ങളോട് സർക്കാർ ജീവനക്കാർക്കുള്ള മനോഭാവത്തിലും മാറ്റം വരണം. രണ്ടുകൂട്ടരും പരസ്പരബഹുമാനത്തോടെ പെരുമാറി ഇടപഴകിയില്ലെങ്കിൽ ഓഫീസുകൾ കലാപഭൂമികളാകും – സംഘടനാ നേതാക്കൾ പറഞ്ഞു.
പൊതുജനങ്ങൾക്കൊപ്പം ഓഫീസുകളിൽ വന്നുകയറുന്ന രാഷ്ട്രീയ നേതാക്കൾ ജീവനക്കാരിൽ അമിത സമർദ്ദം ചെലുത്തുന്നത് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ജീവനക്കാരുടെ കുറവു തന്നെയാണ് വില്ലേജ് ഓഫീസടക്കമുള്ള പല ഓഫീസുകളിലേയും പ്രശ്നങ്ങൾക്കുള്ള കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓണ്ലൈൻ വഴി കാര്യങ്ങൾ നടപ്പാക്കാൻ തുടങ്ങിയപ്പോൾ സെർവർ തകരാറും ഇന്റർനെറ്റ് തടസപ്പെടലുമൊക്കെയായി പൊതുജനത്തിന് ബുദ്ധിമുട്ടുകൾ ഇരട്ടിയായി.
പുത്തൂർ വില്ലേജ് ഓഫീസർ കൈഞരന്പു മുറിച്ച് ആശുപത്രിയിലായതോടെയാണ് പല വില്ലേജ് ഓഫീസുകാരും തങ്ങളുടെ ദുരിതങ്ങൾ തുറന്നുപറയാൻ തയ്യാറായിരിക്കുന്നത്.
ജനങ്ങളിൽ നിന്നും രാഷ്ട്രീയക്കാരിൽ നിന്നും കടുത്ത സമർദ്ദങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്പോഴും എല്ലായ്പ്പോഴും ചിരിച്ചുകൊണ്ടു മാത്രം ജോലി ചെയ്യാനാവില്ലെന്നും എല്ലാം മതിയാക്കാമെന്ന അവസാന തീരുമാനത്തിലേക്ക് വരെ എത്തിച്ചേരുമെന്നും അതാണ് പുത്തൂരിൽ സംഭവിച്ചതെന്നും വില്ലേജ് ഓഫീസിലുള്ളവർ പറയുന്നു.