തിരുവില്വാമല: വില്ലേജ് ഓഫീസുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനത്തിരക്ക്. രാവിലെ വില്ലേജ് ഓഫീസും ബസ് സ്റ്റാൻഡും കടന്ന് പഞ്ചായത്ത് ഓഫീസിനു സമീപം വരെ നീണ്ടനിര രാവിലെ എട്ടിനു തന്നെ രൂപപ്പെട്ടു.
ലൈഫ് ഭവനപദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാന സർട്ടിഫിക്കറ്റിനുവേണ്ടിയാണ് ഭൂരിഭാഗം ആളുകളും എത്തുന്നത്. അപേക്ഷകരിൽ പകുതിയിലേറെ പേർ അറുപത് വയസ് പിന്നിട്ടവരാണ്. മഴയത്ത് സ്ത്രീകളും വയോധികരും മണിക്കൂറുകളോളം കുട പിടിച്ച് നിൽക്കുന്ന കാഴ്ച ദയനീയമാണ്.
പിന്നീട് തലപ്പിള്ളി താലൂക്ക് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി ടോക്കൺ കൊടുത്ത് തിരക്ക് നിയന്ത്രിച്ചു.
മറ്റത്തൂർ: ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം വീടിനായുള്ള അപേക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചതോടെ വില്ലേജ് ഓഫീസുകളിൽ തിരക്കേറി.
വിവിധ വായ്പകൾക്കും പ്ലസ് വണ്‍ അടക്കമുള്ള വിദ്യാർഥികളുടെ പ്രവേശനത്തിനും സർക്കാർ ആനുകൂല്യങ്ങൾക്കുമായി നികുതി അടയ്ക്കാനും സർട്ടിഫിക്കറ്റുകൾ വാങ്ങാനുമായി എത്തുന്നവർക്കു പുറമെയാണ് ഇപ്പോൾ ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷകർ കൂടി എത്തിയത്. ഇതോടെ വില്ലേജോഫീസ് ജീവനക്കാരും ദുരിതത്തിലായി.
കോവിഡ് നിയന്ത്രണം നിലനിൽക്കുന്പോഴും വില്ലേജ് ഓഫീസുകളിലും ജനങ്ങൾ തിങ്ങിനിറഞ്ഞതോടെ മറ്റത്തൂർ വില്ലേജോഫീസ് അധികൃതർ പോലീസിനെ വിളിക്കേണ്ടി വന്നു.
മഴക്കെടുതികൾ തുടരുന്നതിനാൽ ദുരന്ത സാധ്യത പ്രദേശങ്ങൾ സന്ദർശിക്കാനും ജനങ്ങളെ മാറ്റി പാർപ്പിക്കാനും റവന്യു ജീവനക്കാർക്ക് ചുമതല ഉള്ളപ്പോഴാണ് ലൈഫ് മിഷൻ അപേക്ഷകളും വില്ലേജ് ഓഫീസിൽ സ്വീകരിക്കേണ്ട അവസ്ഥ. ഇതോടെ ഉദ്യോഗസ്ഥർ ദുരിതത്തിലായി.