തൃക്കരിപ്പൂർ: ചോർന്നൊലിക്കുന്ന വില്ലേജ് ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കപ്പെട്ടപ്പോൾ മണൽ കൂനകൾ വീർപ്പുമുട്ടിക്കുന്നു. ടൗണിൽ പ്രവർത്തിക്കുന്ന വടക്കേ തൃക്കരിപ്പൂർ വില്ലേജ് ഓഫീസ് വളപ്പിലാണ് ലോഡ് കണക്കിന് മണൽ കൂട്ടിയിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പുതിയ ഓഫീസ് പണിഞ്ഞപ്പോൾ പഴയ കെട്ടിടം അതിനോട് ചേർത്തിരുന്നു.
ഓടുകൾ പൊട്ടിയും കഴുക്കോലുകൾ ചിതലെടുത്തും ചോർന്നൊലിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. മഴ പെയ്തു തുടങ്ങുന്നതോടെ എല്ലാതവണയും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടുകയായിരുന്നു താൽകാലിക പരിഹാരം. ഇത് മാറി അലൂമിനിയം ഷീറ്റ് പുതച്ച് നവീകരണം നടന്നു വരുകയാണ്.
പഴയ ചിതലരിച്ച ജനലുകൾ മാറ്റി പുതിയവ വന്നു. നിറം പൂശി മോടിയുള്ളതാക്കി. എന്നാൽ ഓഫീസ് വരാന്തക്ക് ചേർന്ന് വില്ലേജ് ഓഫീസ് വളപ്പ് നിറയെ മണൽ കൂനകളാണ്. തൃക്കരിപ്പൂർ, പടന്ന പഞ്ചായത്തുകളിലെ തീരദേശ മേഖലകളിൽ നിന്നും അനധികൃതമായി മണലൂറ്റുകാരിൽ നിന്നും പോലീസും റവന്യു അധികൃതരും പിടികൂടിയവയാണ് ഇവിടെ കൂട്ടിയിട്ട മണൽ.
എന്തിന് രണ്ടു മാസം മുമ്പ് ജില്ലാ കളക്ടർ രാത്രിയിൽ ആയിറ്റിയിൽ നിന്ന് പിടികൂടിയ ലോഡ് കണക്കിന് മണൽ ഉൾപ്പെടെ കൊണ്ടിട്ട് വില്ലേജ് ഓഫീസ് വളപ്പ് നിറഞ്ഞു. ഇവിടെ നിറഞ്ഞപ്പോൾ വില്ലേജ് ഓഫീസ് വളപ്പിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും ഇപ്പോൾ മണൽ കൂന തന്നെ.
മഴ പെയ്തു തുടങ്ങിയതോടെ മണൽ ഒലിച്ചു പോകാനും തുടങ്ങിയിട്ടുണ്ട്. ഏതായാലും വില്ലേജ് ഓഫീസ് മോടി കൂട്ടിയതിൽ പൊതുജനങ്ങൾ സന്തോഷത്തിലാണ്, എന്നാൽ ഇവിടുത്തെ മണൽ കൂനകൾ എത്രയും പെട്ടെന്ന് നീക്കണമെന്നും അവർ പറയുന്നു.