സിജോ പൈനാടത്ത്
കൊച്ചി: സ്ത്രീസുരക്ഷയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ ആഴ്ചയിലൊരു ദിവസം വനിതാ പോലീസ് ഓഫീസറുടെ സേവനം ലഭ്യമാക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നടപ്പായില്ല. 2017 ഏപ്രിലിൽ പുറത്തിറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ ഏതാനും ആഴ്ചകളിൽ വനിതാ പോലീസ് പഞ്ചായത്ത് ഓഫീസുകളിൽ എത്തിയെങ്കിലും ശേഷം പലയിടത്തും മുടങ്ങുകയായിരുന്നു.
ചൊവ്വാഴ്ചകളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണു വനിതാ പോലീസ് ഓഫീസറുടെ സാന്നിധ്യം പഞ്ചായത്ത് ഓഫീസുകളിൽ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നത്. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ചൊവ്വാഴ്ചകളിൽ എത്താനായില്ലെങ്കിൽ മുൻകൂട്ടി അറിയിപ്പു നൽകി അടുത്ത വ്യാഴാഴ്ച ഇതേസമയത്ത് സേവനം ലഭ്യമാക്കണമെന്നും ഡിജിപി സർക്കുലറിലൂടെ നിർദേശിച്ചിരുന്നു.
പോലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അതിർത്തിക്കുള്ളിലെ സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാനും പരിഹാരമുണ്ടാക്കാനുമാണു വനിതാ പോലീസിനെ നിയോഗിച്ചത്. പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽനിന്നാണു വനിതാ പോലീസിനെ നിയോഗിക്കേണ്ടത്. എത്തുന്ന പരാതികൾക്ക് അന്നുതന്നെ പരിഹാരമുണ്ടാക്കാനും അതിനു സാധിക്കാത്തത് ഉടൻ പോലീസ് സ്റ്റേഷനിലേക്കു കൈമാറാനുമായിരുന്നു നിർദേശം.
ജില്ലാ പോലീസ് ആസ്ഥാനത്തെ വനിതാ സെല്ലിനാണു പഞ്ചായത്തുകളിലെ വനിതാ പോലീസ് ഓഫീസർമാരുടെ ഏകോപനച്ചുമതല. പഞ്ചായത്തുകളിൽ വനിതാ പോലീസിന്റെ സേവനം സംബന്ധിച്ച് അതത് എസ്പിമാർ എല്ലാ മാസവും സംസ്ഥാന പോലീസ് മേധാവിക്കു റിപ്പോർട്ടു നൽകണമെന്നും നിർദേശിച്ചിരുന്നു. പ്രാദേശിക തലങ്ങളിൽ വലിയ പ്രചരണമാണ് ആരംഭത്തിൽ പദ്ധതിക്കു നൽകിയത്.
പദ്ധതി ആരംഭിച്ച് രണ്ടു മാസത്തോളം വനിതാ പോലീസുകാർ പഞ്ചായത്തുകളിൽ എത്തിയിരുന്നെങ്കിലും പിന്നീടു മുടങ്ങിയെന്നു വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. പരാതികൾ ഉണ്ടെങ്കിൽ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥർ തന്നെ പോലീസിനെ അറിയിക്കാൻ നിർദേശിച്ചിരുന്നതായും അവർ പറഞ്ഞു.
അതേസമയം പഞ്ചായത്ത് ഓഫീസുകളിൽ വനിതാ പോലീസ് ഓഫീസർമാരുടെ സേവനം ലഭ്യമാക്കുന്നതു തുടരുന്നുണ്ടെന്നും ഏതെങ്കിലും സ്ഥലങ്ങളിൽ ഇല്ലെങ്കിൽ പരിശോധിക്കുമെന്നും എറണാകുളം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം അറിയിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ വനിതാ പോലീസ് ഓഫീസറുടെ സേവനം ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു 2017 ഫെബ്രുവരി 23ന് നിയമസഭയുടെ ബജറ്റ് സെഷനിൽ ഗവർണറുടെ പ്രസംഗത്തിൽ സൂചനയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പോലീസ് മേധാവി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.