തളിപ്പറമ്പ്: ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടർന്ന തളിപ്പറന്പ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റി. ആകെയുള്ള എട്ട് ജീവനക്കാരില്‍ രണ്ടുപേര്‍ ഇലക്ഷന് ഡ്യൂട്ടിക്കും രണ്ടുപേര്‍ റവന്യു റിക്കവറി ഡ്യൂട്ടിക്കും പോയതോടെയാണ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞത്.
ശേഷിക്കുന്ന നാലുപേരില്‍ ഒരാള്‍ പ്രൊമോഷനായി പോയതും ജീവനക്കാരുടെ കുറവിനു കാരണമായി. പ്രൊമോഷനായി പോയ ഉദ്യോഗസ്ഥന്റെ സ്ഥാനത്തേക്ക് രണ്ട് മാസം മുമ്പേ തന്നെ പുതിയ ആളെ നിയമിക്കാനുള്ള ഉത്തരവായിട്ടുണ്ടെങ്കിലും നിയമനം നടന്നിട്ടില്ല.
മൂന്ന് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശീയ തെരഞ്ഞെടുപ്പിന്റെ പ്രത്യേക ഡ്യൂട്ടിക്കായി പോയ രണ്ടു ജീവനക്കാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആ ഡ്യൂട്ടി കൂടി ചെയ്യേണ്ടി വരും.
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവിലാണ് റവന്യൂ റിക്കവറിക്കായി വില്ലേജ് ഓഫീസ് ജീവനക്കാര്‍ നെട്ടോട്ടമോടുന്നത്. ഈ മാസങ്ങളിലാണ് വില്ലേജ് ഓഫീസില്‍ നല്ല തിരക്കും അനുഭവപ്പെടുന്നത്.
മാര്‍ച്ച് മാസം അവസാനമാവുമ്പോഴേക്കും വിവിധയിനം നികുതി പിരക്കേണ്ടതുമുണ്ട്. സാന്പത്തീക വർഷാവസാനമാകുന്ന മാര്‍ച്ച് ആകുമ്പോഴേക്കും തങ്ങള്‍ ഇതെല്ലാം എങ്ങനെ ചെയ്ത് തീര്‍ക്കും എന്ന ആശങ്കയിലാണ് ജീവനക്കാർ. ഉദ്യോഗസ്ഥരുടെ കുറവുകാരണം സർട്ടിഫിക്കറ്റുകൾക്കും മറ്റും പലതവണ ഓഫീസിൽ കയറിയിറങ്ങേണ്ട ഗതികേടും അനുഭവിച്ചു വരികയാണ്.