നാട്ടുകാര്‍ സംഘം ചേര്‍ന്ന് പിടിച്ച പെരുമ്പാമ്പ് പഞ്ചായത്ത് മെംബര്‍ക്ക് ഉണ്ടാക്കിയത് വലിയ തലവേദന.ഞായറാഴ്ച രാത്രിയാണ് സംഭവം. തോട്ടുങ്കരയ്ക്കു സമീപം റോഡരികില്‍ കണ്ട പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്താതായതോടെ പാമ്പിനെ പിടികൂടിയ നാട്ടുകാര്‍ വെട്ടിലായി. സംഭവം അറിഞ്ഞു പാമ്പിനെ കാണാന്‍ പഞ്ചായത്ത് അംഗം അരുണ്‍ പൂച്ചക്കുഴിയെത്തി.
വനംവകുപ്പുകാരെ കാണാത്തതിന് പിന്നെയും പിന്നെയും വിളിച്ചെങ്കിലും രാത്രി ഡ്യൂട്ടി രണ്ടു വനിതകള്ക്കായതിനാല് രാത്രി എത്താന്‍ കഴിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
ഇവര്‍ വരുന്നതുവരെ പാമ്പിനെ സൂക്ഷിക്കാന്‍ പ്രദേശവാസികള്‍ക്കും ഭീതി. നാട്ടുകാരുടെ ആവശ്യപ്രകാരം അരുണ്‍ പൂച്ചക്കുഴി പെരുമ്പാമ്പിനെ ഏറ്റെടുത്തു.
തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചെങ്കിലും പോലീസും വനപാലകരെ അറിയിക്കാന്‍ പറയുകയായിരുന്നു. ഏറെ നേരം നോക്കി മറ്റു മാര്‍ഗമില്ലാതെ പഞ്ചായത്ത് അംഗം സുഹൃത്തിനെയും കൂട്ടി പാമ്പിനെ മുട്ടം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
പോലീസുകാര്‍ പാമ്പിനെ കൈപ്പറ്റി പൊലീസ് ജീപ്പില്‍ മൂലമറ്റത്തെ സെഷന് ഫോറസ്റ്റ് ഓഫിസില്‍ എത്തിച്ചു. ഇന്നലെ ഇതിനെ ഇടുക്കി വനത്തില്‍ തുറന്നുവിട്ടു.