തമിഴ്നാട്ടില്‍ മലവെള്ളപ്പാച്ചില്‍പ്പെട്ട് അപകടാവസ്ഥയിലായ അമ്മയെയും കുഞ്ഞിനെയും അതിസാഹസികമായി രക്ഷിച്ച് നാട്ടുകാര്‍.
കനത്തമഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വന്ന മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടുപോയ ഇരുവരെയും ജീവന് പണയം വെച്ച് രക്ഷിച്ച നാട്ടുകാര്‍ക്ക് അഭിനന്ദനപ്രവാഹമാണ്.
സേലത്തെ ആനവാരി വെള്ളച്ചാട്ടത്തിലാണ് സംഭവം. കനത്തമഴയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ടെന്ന് തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു. കുത്തിയൊലിച്ച് വരുന്ന മലവെള്ളപ്പാച്ചിലില്‍ വീഴാതിരിക്കാന്‍ കുഞ്ഞും അമ്മയും പാറയില്‍ അള്ളിപ്പിടിച്ചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
തുടര്‍ന്ന് നാട്ടുകാര്‍ കയറിട്ട് മലയുടെ താഴേക്ക് ഇറങ്ങിയാണ് ഇരുവരെയും രക്ഷിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരെന്ന് ഉറപ്പാക്കിയ ശേഷം മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു നാട്ടുകാര്‍ വെള്ളത്തില്‍ വീണു. ഇരുവരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.