അലിഗഡ്: രണ്ടുപേരെ മർദിച്ച് കൊലപ്പെടുത്തിയ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ നാട്ടുകാർ മർദിച്ച് കൊന്നു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. ബുധനാഴ്ച അലിഗഡിലെ നൂർപൂർ ഗ്രാമത്തിൽ വച്ചാണ് ആൾക്കൂട്ടം 29കാരനെ മർദിച്ച് കൊന്നത്.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, മാനസികാസ്വാസ്ഥ്യം നേരിടുന്ന അഫ്സൽ എന്ന യുവാവ് ലാലാറാം കുംഹാർ എന്നയാളെ വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തുകയും ഇയാളുടെ വസ്ത്രങ്ങൾ ഊരിയെടുത്ത് തീയിടുകയും ചെയ്തു.
ഇതിനിടെ ലാലാറാമിന്റെ മൃതദേഹത്തിലും പൊള്ളലേറ്റു. പിന്നാലെയാണ് ജാഫർ ഇഖ്ബാൽ എന്നയാളെയും അഫ്സൽ വടികൊണ്ട് ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റതിനെത്തുടർന്ന് ഇയാളും മരിക്കുകയായിരുന്നു.
പിന്നാലെ യുവാവ് പാടത്ത് ജോലിയെടുത്തിരുന്ന സ്ത്രീകളെ ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ നാട്ടുകാരെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു. അഫ്സൽ ലഹരി ഉപയോഗിക്കുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.