നൗഷാദ് മാങ്കാംകുഴി
ചാരുംമൂട്: നൂറനാട് വില്ലേജ് ഓഫീസിലെ ഫ്രണ്ട് ഓഫീസിനുള്ളിൽ മഴ പെയ്താൽ കുട ചൂടണം.
റവന്യൂ വകുപ്പിന്റെ ഫണ്ട് വിനിയോഗിച്ച് രണ്ടു വർഷം മുമ്പ് നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കപ്പെട്ട നൂറനാട് വില്ലേജ് ഓഫീസിനുള്ളിലാണ് മഴ പെയ്താൽ കുടചൂടി നിൽക്കണ്ട ദുരവസ്ഥയുള്ളത്.
പഴയ കെട്ടിടത്തിനോടു ചേർന്ന് നിർമിച്ചതാണ് ഫ്രണ്ട് ഓഫീസ്. ഇപ്പോൾ ജീവനക്കാരും നാട്ടുകാരും ചേർന്ന് പിരിവെടുത്തു വാങ്ങിയ നാല് പ്ലാസ്റ്റിക്ക് ബക്കറ്റിലാണ് മഴവെള്ളം ശേഖരിക്കുന്നത്.
പ്രവേശനകവാടത്തിലെ റാമ്പും പിടിച്ചു കയറാനുള്ള ഹാൻഡ് റീലും കടന്ന് അകത്തെ കാത്തിരിപ്പു ഹാളിൽ കയറുന്നവർക്ക് മഴ നനയാനാണ് യോഗം.
ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടത്തിന്റെ മേൽക്കൂര പല ഭാഗത്തും ചോർന്നൊലിക്കുകയാണ്.
നിർമാണത്തിൽ വൻ ക്രമക്കേടു നടന്നതായും ഇത് വിജിലിൻസ് വിശദമായി അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലും ശക്തമായ മഴ പെയ്താൽ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള രേഖങ്ങൾ മഴവെള്ളത്തിൽ നശിക്കുമെന്ന ആശങ്ക ജീവനക്കാർക്കുമുണ്ട്.
കെട്ടിടത്തിന്റെ ചോർച്ച അടിയന്തരമായി പരിഹരിക്കാനാവശ്യമായ നടപടി റവന്യൂ വകുപ്പിൽ നിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്.