വില്ലന്‍ കാണാന്‍ തിയറ്ററുകളിലേക്ക് ആരാധകരുടെ ഒഴുക്ക്, പുലിമുരുകനെ മറികടക്കുമെന്ന് ലാല്‍ ഫാന്‍സ്, അവതരണത്തിനൊപ്പം മാര്‍ക്കറ്റിംഗിലും പുത്തന്‍ പരീക്ഷണങ്ങളുമായി വില്ലനെത്തിയത് ഇങ്ങനെ

സ്വന്തം ലേഖകന്‍

മാറുന്ന മാര്‍ക്കറ്റ് തന്ത്രങ്ങള്‍ക്ക് പുത്തന്‍ഭാഷ്യമൊരുക്കി വില്ലന്‍ തിയറ്ററുകളില്‍. മോഹന്‍ലാല്‍ നായകനാകുന്ന സിനിമ 253 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. 1300 ഷോകള്‍ ഇന്നു നടക്കും. ഫാന്‍സ് അസോസിയേഷന്‍ തിയേറ്ററുകള്‍ക്കു മുന്നില്‍ മോഹന്‍ലാലിന്റെ കട്ടൗട്ടുകളും ചിത്രങ്ങളുമായി രാവിലെ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ഒരു ചിത്രത്തിന് എങ്ങിനെ പ്രീ പബ്ലിസിറ്റി ഉണ്ടാക്കാം എന്നതിനു ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ കണ്ടുവരുന്ന ട്രെന്‍ഡ്.

ഒരു ചിത്രം റിലീസിനെത്തുന്നതിനു മുമ്പ് പ്രിവ്യൂ ഷോ നടത്തുക എന്നത് പുതുമയുളള കാര്യമല്ല. എന്നാല്‍ ആ പ്രിവ്യൂ ഷോ കണ്ടശേഷം ഒരു അന്യഭാഷാ സംവിധായകന്‍ വാട്ട്്‌സ്ആപ്പ് വഴി അയച്ച അഭിപ്രായം സംവിധായകന്‍ തന്നെ പരസ്യപ്പെടുത്തി ‘തള്ളികയറ്റം’ ഉറപ്പിക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രവും ഈ സിനിമയ്ക്ക് ലഭിച്ചു. ഓണ്‍ ലൈന്‍, നവമാധ്യമങ്ങളെ ഉപയോഗിച്ച് സിനിമയുടെ മാര്‍ക്കറ്റിംഗ് പുതിയ തലങ്ങളിലേക്കെത്തിക്കുകയാണ് ബി. ഉണ്ണികൃഷ്ണന്‍ വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ.

ഇന്നു രാവിലെ എട്ടിനുതന്നെഫാന്‍സ് ഷോ തുടങ്ങിയിരുന്നു. തിരുവനന്തപുരത്തുമാത്രം 17 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. തമിഴില്‍ രജനികാന്ത് ഉള്‍പ്പെടെയുള്ളവരുടെ ബ്രഹ്മാണ്ഡ സിനിമകള്‍ നിര്‍മിച്ച് മലയാളത്തില്‍ എത്തിയ വില്ലന്‍ നിര്‍മാതാക്കളായ റോക്ക്‌ലൈന്‍ ന്യൂജന്‍ തന്ത്രങ്ങളാണ് സിനിമയുടെ മാര്‍ക്കറ്റിംഗിനുവേണ്ടി പയറ്റിയത്. അത് ഒരു പരിധിവരെ വിജയിച്ചുവെന്ന് തിയറ്ററുകളിലെ തളളിക്കയറ്റം വ്യക്തമാക്കുകയും ചെയ്യുന്നു. ചിത്രത്തെകുറിച്ചുള്ള അഭിപ്രായം എന്തായാലും മുടക്കുമുതല്‍ ഒരാഴ്ചയ്ക്കകം തിരിച്ചുപിടിക്കുക എന്നതാണ് ലക്ഷ്യം.

വെളിപാടിന്റെ പുസ്തകം എന്ന ശരാശരിയില്‍ ഒതുങ്ങിയ ചിത്രത്തിനുശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തിലൂടെ തമിഴ് യുവതാരം വിശാല്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് സംസ്ഥാനത്തിനുപുറത്തേക്കും മാര്‍ക്കിറ്റിംഗ് തന്ത്രങ്ങള്‍ നീങ്ങീയത്. ഒരാഴ്ചമുന്പ് വില്ലന്റെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വലിയ പ്രേക്ഷക പിന്തുണ നേടിയിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് ആദ്യം തന്റെ ഫേസ്ബുക്ക് പേജില്‍ ടീസര്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നര ലക്ഷത്തിനടുത്ത് ആള്‍ക്കാരാണ് വീഡിയോ കണ്ടത്.രണ്ടായിരത്തിന് മുകളില്‍ പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തു. മികച്ച സാങ്കേതിക നിലവാരത്തിലും വന്പന്‍ സാങ്കേതിക പ്രതിഭകളെ അണിനിരത്തിയുമാണ് ബി. ഉണ്ണിക്കൃഷ്ണന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം കൈകോര്‍ത്തത്.

Related posts