മംഗലംഡാം: ഡാമിനടുത്ത് ഉപ്പുമണ്ണിൽ കൃഷിയിടത്തിൽ കാണപ്പെട്ട വിള്ളൽ ഓരോദിവസം പിന്നിടുംതോറും കൂടിവരുന്നത് പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുന്നു. റ ഷേയ്പ്പിൽ വിള്ളലുണ്ടായ ഭൂമി താഴേയ്ക്ക് നിരങ്ങുന്ന സ്ഥിതിയാണുള്ളത്. ഈ ഭൂമിക്കടിയിൽനിന്നും രൂപപ്പെട്ട ഉറവ ഇപ്പോഴുമുണ്ട്.
നല്ല തെളിഞ്ഞ വെള്ളമാണ് ടാർ റോഡിലൂടെ താഴേയ്ക്ക് ഒഴുകുന്നത്.അപായ സാധ്യത കൂടിവരുന്ന സാഹചര്യത്തിൽ റവന്യൂ അധികൃതർ ഇന്നലെയും സ്ഥലത്ത് പരിശോധന നടത്തി. പിളർന്നു നില്ക്കുന്ന സ്ഥലത്തിന്റെ താഴെയുള്ള വീട്ടുകാരെയെല്ലാം മാറ്റിപാർപ്പിച്ചു. ഇരുപതോളം വീട്ടുകാർ സമീപത്തെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമാണ് രണ്ടാഴ്ചയിലേറെയായി കഴിയുന്നത്.
ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തിയാണ് താമസക്കാരെയും ഇതുവഴിയുള്ള ബസ് ഉൾപ്പെടെ ഭാരവാഹനങ്ങളുടെ ഗതാഗതവും നിരോധിച്ചത്. ഭൂമിപിളർന്ന് നില്ക്കുന്നത് സംബന്ധിച്ച് ജിയോളജി വകുപ്പിനും വ്യക്തതയിലെത്താൻ കഴിയാത്തതിനാലാണ് പരിശോധനയ്ക്കായി തിരുവനന്തപുരത്തുള്ള നാഷണൽ സെന്റർ ഫോർ എർത്ത് സ്റ്റഡീസിൽനിന്നുള്ള ശാസ്ത്രസംഘത്തിന്റെ സഹായം തേടിയിട്ടുള്ളത്.
ഈമാസം പത്തിനുമുന്പ് സംഘം സ്ഥലത്തെത്തി പരിശോധിച്ച് സുരക്ഷാനടപടി നിർദേശിക്കുമെന്നാണ് പ്രദേശവാസികൾക്ക് വില്ലേജ് അധികൃതർ നല്കിയിട്ടുള്ള ഉറപ്പ്. കനത്ത മഴയുണ്ടായ 16ന് രാത്രിയിലാണ് കുന്നിൻചെരിവായ രണ്ടേക്കർ റബർതോട്ടത്തിൽ റ ഷേയ്പ്പിൽ വിള്ളലുണ്ടായത്.
വിള്ളലിനെ തുടർന്ന് ഇവിടത്തെ ജാനു വേലായുധന്റെ ഓടിട്ട വീടിനു വിള്ളലുണ്ടായതോടെയാണ് ജനത്തിനും ഭീതിയായത്. വീടിന്റെ ചുമരുകൾക്കെല്ലാം വലിയ വിള്ളലുണ്ട്. പിറകിലെ ഏതാനും ചുമർവീഴുകയും ചെയ്തു.
ജാനു വേലായുധന്റെ വീട്ടിൽനിന്നും റോഡിലേക്ക് ഇറങ്ങുന്ന സ്റ്റെപ്പുകളിലും വിള്ളലുണ്ട്. ഇവിടത്തെ കിണറും ഇടിഞ്ഞിട്ടുണ്ട്.