പയ്യന്നൂര്‍: ഭൂമി വിണ്ടുകീറിയ രാമന്തളിയിലെ കക്കമ്പാറയില് പാറക്കെട്ടുകളിലെ വിള്ളലുകള്‍ കൂടുന്നു. തുടര്‍നടപടികളില്ലാത്തതും മറ്റു നിര്‍ദേശങ്ങൾ ലഭിക്കാത്തതും കാരണം മലയിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ നിസഹായ അവസ്ഥയിലാണ്. മറ്റു വഴികളില്ലാത്തതിനാൽ പലരും ഇവിടേക്ക് തിരിച്ചെത്തുകയാണ്.
കഴിഞ്ഞ മാസം 28നാണ് രാമന്തളി കക്കമ്പാറ ജംഗ്ഷന് കിഴക്ക് ഭാഗത്തായി ഓലക്കാല് മഖാമിന് സമീപം ഭൂമി പിളര്‍ന്നത്. നൂറ്റമ്പതോളം മീറ്റര്‍ നീളത്തില്‍ വിണ്ടുകീറിയ പിളര്‍പ്പിന്റെ വടക്കേ അറ്റത്ത് ഏഴ് മീറ്ററോളം വീതിയിലും നാലാൾ താഴ്ചയിലുമാണ് ഭൂമി അകന്ന് മാറിയത്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് വി.ദിവാകരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
ഭുമി വിണ്ടുകീറിയ ഭാഗത്തെ ആളുകളുടെ സുരക്ഷ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അവരെ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് പരിസരവാസികളെ മാറ്റിത്താമസിപ്പിച്ചിരുന്നു.ഏഴ് വീട്ടുകാരെയാണ് മാറ്റിത്താമസിപ്പിച്ചത്. വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രശ്ന പരിഹാരത്തെക്കുറിച്ച് പറയാന്‍ കഴിയുകയുള്ളുവെന്നും കളക്ടര്‍ പറഞ്ഞിരുന്നു.
എന്നാല്‍, രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ കാണാത്തതാണ് മാറ്റിത്താമസിപ്പിച്ചവരേയും നാട്ടുകാരെയും കുഴക്കുന്നത്.ഇതോടെ മാറ്റിത്താമസിപ്പിച്ച നാല് വീട്ടുകാര്‍ തിരിച്ചെത്തിയിട്ടുണ്ട്. പി.വി.സാഹിത, എ.അഹമ്മദ്,ആയിസു, കെ.ടി.താഹിറ എന്നീ വീട്ടുകാരാണ് തിരിച്ചെത്തിയത്.
താഹിറയുടെ മകന്റെ വിവാഹം ഇന്നും മകളുടെ വിവാഹം നാളെയുമാണ്. ഉള്ളില്‍ ഭീതിയുണ്ടെങ്കിലും മറ്റു നിര്‍വ്വാഹമില്ലാത്തതിനാലാണ് താഹിറയും വീട്ടില്‍ തിരിച്ചെത്തിയത്.അതിനിടെ, കൂറ്റന്‍ പാറക്കെട്ടുകളിലെ വിള്ളലുകള്‍ ദിനംപ്രതി കൂടിവരികയാണ്.ഭൂമി വിണ്ടുകീറിയ ഭാഗത്തെ കാടുകള്‍ നീക്കം ചെയ്തതോടെയാണ് വിള്ളലിന്റെ തീവ്രത വ്യക്തമാകുന്നത്.