വില്ലന്മാരുടെ വില്ലനും നായകന്മാരുടെ നായകനുമാകാൻ മോഹൻലാലിന്റെ വില്ലൻ ജൂലൈ 21നുതന്നെ പുറത്തുവരും. ചിത്രത്തിന്റെ മുന്നോടിയായി എത്തിയ സോംഗ് പ്രൊമോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോർ മ്യൂസിക്സാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത് 8കെ റെസല്യൂഷനിലാണ്.
മനോജ് പരമഹംസ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം സാങ്കേതിക തലത്തിൽ ഏറെ മുൻപിലാണെന്നാണ് പിന്നണി പ്രവർത്തകരുടെ അവകാശ വാദം. റെഡ് കാമറയുടെ വെപ്പണ്‍ ശ്രേണിയിലുള്ള ഹീലിയം 8കെ എന്ന കാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കുക. ഇന്ത്യയിൽ ആദ്യമായി പൂർണമായും 8കെയിൽ ചിത്രീകരിക്കുന്ന സിനിമയാകും വില്ലൻ.
മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ തമിഴ് താരങ്ങളായ വിശാലും, ഹൻസിക മോട്വാണിയും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്റ്റൈലീഷ് ത്രില്ലർ ആയ ചിത്രം വിഎഫ്എക്സിനു പ്രാധാന്യം നല്‍കുന്നുവെന്നും, വിഎഫ്എക്സിനു വേണ്ടി പ്രത്യേക സംവിധായകനും ചിത്രത്തിൽ ഉണ്ടാവുമെന്നുമാണ് അണിയറയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. പുലിമുരുകനിൽ സംഘട്ടനരംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്നാണ് ചിത്രത്തിന്റെ ആക്്ഷൻ കോറിയോഗ്രാഫർ.