മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ പരിശീലകൻ അനിൽ കുംബ്ലെയുടെ പുറത്താക്കലിൽ വഴിത്തിരിവ്. നായകൻ വിരാട് കോഹ്ലി കുംബ്ലെയെ പുറത്താക്കാൻ തുടർച്ചയായി പരിശ്രമിച്ചിരുന്നെന്നാണു വനിതാ ക്രിക്കറ്റ് ടീം അഡ്മിനിസ്ട്രേറ്റർ ഡയാന എഡുൽജിയുടെ വെളിപ്പെടുത്തൽ.
ഇക്കാര്യം ചൂണ്ടിക്കാട്ടി എഡുൽജി ബിസിസിഐക്കെഴുതിയ കത്ത് വാർത്താ ഏജൻസിയായ എഎഫ്പി പുറത്തുവിട്ടു. പരിശീലകനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിരാട് കോഹ്ലി ബിസിസിഐ സിഇഒ രാഹുൽ ജോഹ്റിക്ക് തുടർച്ചയായി എസ്എംഎസുകൾ അയച്ചിരുന്നെന്നു കത്തിൽ പറയുന്നു. എന്നാൽ ഇന്ത്യ ടീമിൽ വിഭാഗീയത ഉണ്ടായിരുന്നെന്ന റിപ്പോർട്ടുകൾ ബിസിസിഐ നിഷേധിച്ചു. കഴിഞ്ഞ വർഷം ജൂണിലാണ് കോഹ്ലിയുമായുള്ള ഉരസലിനെ തുടർന്ന് കുംബ്ലെ പരിശീലക സ്ഥാനം ഒഴിയുന്നത്.
ഇതിഹാസമായ കുംബ്ലെയുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടെന്നും അദ്ദേഹത്തെ ഒരു വില്ലനാക്കി ചിത്രീകരിച്ചെന്നും എഡുൽജിയുടെ കത്തിൽ ആരോപണമുണ്ട്. വനിതാ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് രമേശ് പവാറിനെ നീക്കിയതുമായും വനിതാ ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഏകദിന ടീം ക്യാപ്റ്റൻ മിതാലി രാജിനെ പുറത്തിരുത്തിയതുമായും ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്കു മറുപടിയായാണ് എഡുൽജി ബിസിസിഐ നേതൃത്വത്തിനു കത്തെഴുതിയത്.
ടെസ്റ്റിൽ ഇന്ത്യ ഒന്നാം റാങ്ക് വീണ്ടെടുക്കുന്നതും തോൽവിയറിയാതെ അഞ്ചു പരന്പരകൾ എന്ന നേട്ടം സ്വന്തമാക്കുന്നതും കുംബ്ലെയുടെ പരിശീലന കാലത്താണ്. എന്നാൽ കഴിഞ്ഞ വർഷം ജൂണിൽ ചാന്പ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനോടു തോറ്റതിനു പിന്നാലെ കുംബ്ലെ സ്ഥാനമൊഴിഞ്ഞു. 2014-16 കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഡയറക്ടറായിരുന്ന രവി ശാസ്ത്രിയാണ് കുംബ്ലയ്ക്കു പകരക്കാരനായി നിയമിക്കപ്പെട്ടത്.
നായകൻ വിരാട് കോഹ്ലിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിച്ചതാണ് ശാസ്ത്രിയെ തുണച്ചതെന്ന് അന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പുറത്തുവന്ന കത്തു സംബന്ധിച്ച് കോഹ്ലി ഇതുവരെ പരസ്യ പ്രതികരണത്തിനു മുതിർന്നിട്ടില്ല.